Skip to main content

കോവിഡ് 19 വിക്‌ടോറിയ ആശുപത്രിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍

കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ ഫ്‌ളാഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി ഹെല്‍പ്പ് ഡെസ്‌കില്‍ യാത്രാ വിവരങ്ങളും ക്വാറന്റയിന്‍ വിശദാംശങ്ങളും കൃത്യമായി ബോധ്യപ്പെട്ടതിന് ശേഷമാണ് രോഗികളെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. കവാടത്തിന് സമീപം ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന് വേണ്ടിയുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമേ കൂട്ടിരിപ്പിനായി അനുവദിക്കുകയുള്ളു. യാതൊരു കാരണവശാലും സന്ദര്‍ശകരുടെ കൂടെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ല. ഏകദേശം 150 തോളം ഗര്‍ഭിണികള്‍ ഒ പി യില്‍ ഓരോ ദിവസവും വരുന്നുണ്ട്. ഗര്‍ഭിണികളെ മാത്രം അകത്തേക്ക് കയറ്റിവിട്ട് ഒരു മീറ്റര്‍ ദൂരത്തില്‍ ഇരിപ്പിടം സജ്ജീകരിച്ച് ഇരുത്തുന്നുണ്ട്. കൊറോണ കാലഘട്ടത്തില്‍ ഗര്‍ഭിണികള്‍ പാലിക്കേണ്ട കാര്യങ്ങളെകുറിച്ചുള്ള ലഘുരേഖകളും വിതരണം ചെയ്യുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ പബ്ലിക് അനൗണ്‍സ്‌മെന്റ് വഴി തൂവാലയുടെയും ഫേസ് മാസ്‌കിന്റെയും ഉപയോഗത്തെ സംബന്ധിച്ചും കൈകഴുകലിനെ കുറിച്ചും സാമൂഹിക അകലത്തെക്കുറിച്ചും അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.
എല്ലാ രോഗികള്‍ക്കും ഓരോ കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണം എല്ലാ ദിവസവും കമ്മ്യൂണിറ്റി കിച്ചണ്‍ വഴി നല്‍കി വരുന്നു. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളും ഒ പി കൗണ്ടറും ദിവസം മൂന്നുനേരം വൃത്തിയാക്കുന്നു. ഓരോ രണ്ടു മണിക്കൂര്‍ ഇടവിട്ട് വാതില്‍പ്പടികള്‍, ജനലുകള്‍, ഭിത്തികള്‍ എന്നിവ അണുവിമുക്തമാക്കുന്നുമുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ വിപുലമായ അണുനശീകരണം നടത്തി. രോഗികള്‍ക്കും കൂടെ വന്ന ആളുകള്‍ക്കും ഒ പി കൗണ്ടറില്‍ കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തുവരുന്നു.
ജീവനക്കാര്‍ക്കായി രാവിലെയും വൈകുന്നേരവും കോര്‍പ്പറേഷന്റെ സഹായത്തോടുകൂടി നാലു റൂട്ടുകളില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തി. മറ്റ് ജില്ലകളില്‍ നിന്നുമുള്ള ജീവനക്കാര്‍ക്ക് വേണ്ടി എസ് എന്‍ വി സദനത്തില്‍ താമസ സൗകര്യവും നല്‍കി. അവര്‍ക്ക് മൂന്നു നേരമുള്ള ഭക്ഷണം കോര്‍പ്പറേഷന്റെ സഹകരണത്തോടെ ആശുപത്രിയില്‍ നല്‍കുന്നുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനും ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും ജീവനക്കാരുടെ കൂട്ടായ്മയും നല്ല രീതിയിലുള്ള സഹകരണവും ഉണ്ടാകുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഗൃഹനിരീക്ഷണത്തിലുള്ള ഗര്‍ഭിണികളുടെ പ്രസവം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും സൂപ്രണ്ട് പറഞ്ഞു.

 

date