Skip to main content

കോവിഡ് 19 മാനസികാരോഗ്യ സംരക്ഷണത്തിനായി ജില്ലയില്‍ ത്രിതല ഇടപെടല്‍: ജില്ലാ കലക്ടര്‍

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയില്‍ മാനസികാരോഗ്യ സംരക്ഷണത്തിനായി ത്രിതല ഇടപെടല്‍ നടത്തുന്നതായി ജില്ലാ കലക്ടര്‍. ഇതിനായി രൂപീകരിച്ച സൈക്കോ സോഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ ടീം ഡോ മിനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ ചികിത്സക്കായി സൈക്കാട്രിസ്റ്റ് ഡോ കിരണിനെ ജില്ലാ നോഡല്‍ ഓഫീസറായും നിയോഗിച്ചിട്ടുണ്ട്. മദ്യപാനത്തിന്റെ വിടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ചികിത്സയ്ക്കായി നെടുങ്ങോലം താലൂക്കാശുപത്രിയില്‍ വിമുക്തി വിഭാഗത്തില്‍ ഡോ അനന്ദു ജി കൃഷ്ണന്‍ നേതൃത്വം നല്‍കുന്നു. ഇതുവരെ 66 പേര്‍ ഒപിയിലും ആറു പേര്‍ ഐ പി യിലും ചികിത്സ തേടിയിട്ടുണ്ട്.  രോഗിയോടൊപ്പം എത്തുന്നവര്‍ക്ക് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും നല്‍കുന്നുണ്ട്.
ഇതോടൊപ്പം ജില്ലയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചവരുടെ 241 പ്രൈമറി കോണ്ടാക്റ്റുകള്‍ക്കും 233 സെക്കന്ററി കോണ്ടാക്റ്റുകള്‍ക്കും ടെലി കൗണ്‍സലിംഗ് നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഇന്ന് മാത്രം 68 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ആകെ 7,759 പേര്‍ക്ക് ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രകാരം കൗണ്‍സിലിംഗും നടത്തിയതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍  അറിയിച്ചു.

 

date