കോവിഡ് 19 എ എ വൈ സൗജന്യ കിറ്റ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു
ജില്ലയില്‍ 37,410 കുടുംബങ്ങള്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്തി. എ എ വൈ കാര്‍ഡുടമകളില്‍ ശേഷിക്കുന്ന 11,074 കുടുംബങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ സൗജന്യ കിറ്റുകള്‍ നല്‍കും. ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിച്ച സൗജന്യ അരി വിതരണം ജില്ലയില്‍ 93.40 ശതമാനം പൂര്‍ത്തിയായി. ആകെയുള്ള 7,44,922 കുടുംബങ്ങളില്‍ 6,95,791 കുടുംബങ്ങള്‍ സൗജന്യ അരി കൈപ്പറ്റി. ഇതില്‍ 1,87,975 കുടുംബങ്ങള്‍ ഇതുവരെ റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
എ എ വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ കിറ്റ് വിതരണത്തിലും പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്താം. നിലവില്‍ താമസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധി (വാര്‍ഡ് അംഗം/കൗണ്‍സിലര്‍) സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സത്യവാങ്മൂലം പൂരിപ്പിച്ച് റേഷന്‍ കടകളില്‍ ഹാജരാക്കി പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗപ്പെടുത്താം.
ആരോഗ്യം-റവന്യൂ-സിവില്‍ സപ്ലൈസ്-ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധന താലൂക്കുതലത്തില്‍ ശക്തമാക്കി. ജില്ലയില്‍ 47 പൊതുവിപണികളില്‍ പരിശോധന നടത്തി. ക്രമക്കേടുകള്‍ കണ്ടെത്തിയ അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയും ഏകീകൃത വില നടപ്പിലാക്കാതെയും കച്ചവടം നടത്തുന്ന ഇറച്ചി വ്യാപാരികള്‍ക്ക് താക്കീത് നല്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അമിതവില ഈടാക്കുന്ന വ്യാപരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ സി എസ് ഉണ്ണികൃഷ്ണകുമാര്‍ അറിയിച്ചു.
- Log in to post comments