Skip to main content

കോവിഡ് 19 ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ കര്‍ശന നടപടി - ജില്ലാ കലക്ടര്‍

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡ് 19 ന്റെ സാമൂഹിക വ്യാപനം തടയാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഫീല്‍ഡ് സര്‍വെയ്‌ലന്‍സും ശക്തമായി തുടരുകയാണ്. ഈ ഘട്ടത്തില്‍ ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളും രോഗചികിത്സയും സജീവമായി നടക്കുകയാണ്. കിടപ്പ് രോഗികളായ അനേകമാളുകള്‍ക്ക് മരുന്നും ആശ്വാസവും വീടുകളില്‍ എത്തിക്കുന്നതിനും കര്‍മ്മനിരതരാണ് ആരോഗ്യ പ്രവര്‍ത്തകരും പൊലീസുമെല്ലാം. അത്യാഹിതത്തില്‍പ്പെടുന്നവര്‍, ഡയാലിസിസ്, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ വേണ്ടവര്‍ തുടങ്ങിയവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. വിവിധ കാര്യങ്ങള്‍ക്കായി ജില്ലാ ഭരണകൂടത്തെ ദൈനംദിനം ബന്ധപ്പെടുന്നവര്‍ക്ക് സഹായം നല്‍കേണ്ടതുണ്ട്. ഇതിനിടയില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാനായി വിലപ്പെട്ട മനുഷ്യവിഭവശേഷി ഉപയോഗിക്കേണ്ടി വരുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ വീട്ടിലിരുന്ന് സഹകരിക്കണമെന്നും മാനസികോല്ലാസത്തിനും മറ്റുമായി സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
(പി.ആര്‍.കെ. നമ്പര്‍. 1113/2020)

 

date