Skip to main content
എഴുത്തുകാരിയും അധ്യാപികയുമായ ശാന്ത കാവുമ്പായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ നാലുമാസത്തെ പെന്‍ഷന്‍ തുക കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിനു കൈമാറുന്നു.

നാലുമാസത്തെ പെന്‍ഷന്‍ നല്‍കി റിട്ട. അധ്യാപികയുടെ മാതൃക

കോവിഡ് ദുരിത കാലത്ത് സര്‍ക്കാരിനൊപ്പം നിന്ന് പൊരുതാന്‍ നാല് മാസത്തെ പെന്‍ഷന്‍ തുക സംഭാവന ചെയ്ത് റിട്ട. അധ്യാപികയും എഴുത്തുകാരിയുമായ ശാന്ത കാവുമ്പായി. സേലം രക്തസാക്ഷി തളിയന്‍ രാമന്‍ നമ്പ്യാരുടെ ചെറുമകളും എഴുത്തുകാരിയുമായ റിട്ടയേര്‍ഡ് അധ്യാപിക ശാന്ത കാവുമ്പായി നാലുമാസത്തെ പെന്‍ഷന്‍ തുകയായ ഒരു ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ജന്‍മനാ പോളിയോ ബാധിച്ച ശാന്ത അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് പള്ളിക്കുന്നിലെ ശാന്തയുടെ വീട്ടിലെത്തിയാണ് ചെക്ക് കൈപ്പറ്റിയത്.
കൊവിഡ് ദുരിതാശ്വാസത്തിനായി ശമ്പളത്തിന്റെ ഒരു ഭാഗം നല്‍കണമെന്ന ഉത്തരവ് കത്തിച്ചപ്പോള്‍ ചാമ്പലായത് അധ്യാപക സമൂഹത്തിന് നമ്മുടെ ജനതയിലുണ്ടായിരുന്ന ബഹുമാനമാണെന്ന വേദനയാണ് ശാന്ത കാവുമ്പായിക്ക്. ഈ വേദനയില്‍ നിന്നാണ് തന്റെ നാലുമാസത്തെ പെന്‍ഷന്‍ സംഭാവന ചെയ്യണമെന്ന തീരുമാനത്തിലേക്ക് ഈ റിട്ട. അധ്യാപികയെ എത്തിച്ചത്. മഹാദുരന്തത്തെ അതിജീവിക്കാന്‍ ഒന്നിച്ച് ശ്രമിക്കുന്നതിന് പകരം മുഖംതിരിഞ്ഞ് നില്‍ക്കുന്ന സമീപനം ചിലരില്‍ നിന്ന് ഉണ്ടായത് കണ്ടപ്പോള്‍ ഭയങ്കര സങ്കടമാണ് തോന്നിയതെന്ന് അവര്‍ പറഞ്ഞു. അതിലുള്ള പ്രതിഷേധം കൂടിയാണ് തന്റെ ഈ തീരുമാനമെന്നും അവര്‍ അറിയിച്ചു. 

date