Skip to main content

മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികളുടെ സഹായ പ്രവാഹം പെരുന്നാള്‍ പുടവക്കായി വിദ്യാര്‍ഥികള്‍ കരുതിയ പണം  ദുരിതാശ്വാസ നിധിയിലേക്ക്

 

കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള സര്‍ക്കാര്‍ പരിശ്രമങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് വിദ്യാര്‍ഥികളും. താനൂര്‍ പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍  മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്  അര ലക്ഷം രൂപ നല്‍കി. വിഷുകൈനീട്ടമായി ലഭിച്ചതും പെരുന്നാള്‍ പുടവക്കായി കരുതിവെച്ച പണവും ഉള്‍പ്പെടുത്തിയാണ് കുരുന്നുകള്‍ അന്‍പത്തിനായിരം രൂപ ശേഖരിച്ചത്. കഴിഞ്ഞ പ്രളയകാലത്തും ഇതേ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നു. വിദ്യാര്‍ഥി പ്രിനിധികളായ അഫ്രീന, സഫ്രീന എന്നിവര്‍ ചേര്‍ന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ ക്ക് തുക കൈമാറി.
 വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റംല നല്ലഞ്ചേരി, സ്‌കൂള്‍ മാനേജര്‍ മജീദ് മാസ്റ്റര്‍, പ്രധാന അധ്യാപകന്‍ ടി.മുനീര്‍, താഹിര്‍ കെ പി, സി.എം അബ്ദുള്ളകുട്ടി എന്നിവര്‍ പങ്കെടുത്തു.

 

സമ്പാദ്യക്കുടുക്ക ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കൊച്ചുസഹോദരിമാര്‍

 

കോവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യക്കുടുക്കയിലെ മുഴുവന്‍ പണവും നല്‍കി രണ്ട് സഹോദരിമാര്‍. മഞ്ചേരി തുറക്കല്‍ കുന്നുമ്മല്‍ വാജിദ് ഖാന്റെ മക്കളായ ഹിന നിഷ്മയും ഹന്ന നശ്വിയുമാണ് തങ്ങളുടെ കൊച്ചു സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മാതൃകയായത്. സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിലെ സജീവ വളണ്ടിയറായ ഹിന നിഷ്മയുടെ ജ•ദിനത്തില്‍ അധ്യാപകരായ ഷമീറലി, സവാദ് കുരിക്കള്‍, പി.ടി.എ വൈസ് പ്രസിഡന്റ് ഹക്കീം എന്നിവരോടൊപ്പം അഡ്വ എം.ഉമ്മര്‍ എം.എല്‍.എ മുഖാന്തിരം സമ്പാദ്യ കുടുക്ക മലപ്പുറം കലക്ടറേറ്റില്‍ ഏല്‍പ്പിച്ചു. തുറയ്ക്കല്‍ എച്ച്. എം.എസ്.എയുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹിന നിഷ്മയും കരുവമ്പ്രം ജി.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ്  വിദ്യാര്‍ഥിനിയായ ഹന്ന നശ്വിയും ഇത് മൂന്നാം തവണയാണ് സമ്പാദ്യകുടുക്ക സംഭാവന നല്‍കുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ഇരുവരും സമ്പാദ്യ കുടുക്ക നല്‍കിയിരുന്നു. 11 വര്‍ഷമായി വാടകവീട്ടില്‍ കഴിയുന്ന ഇവര്‍ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ക്കായി  സ്വരുക്കൂട്ടുന്ന തുകയാണ് മറ്റുള്ളവരുടെ നൊമ്പരങ്ങളില്‍ മനസ്സലിഞ്ഞ് സംഭാവന നല്‍കുന്നത്.

date