ക്രഷ് ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ക്രഷ് വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3,000 രൂപയിൽ നിന്നും 4,000 രൂപയായും ഹെൽപ്പർമാരുടെ പ്രതിമാസ ഓണറേറിയം 1,500 രൂപയിൽ നിന്നും 2,000 രൂപയുമായാണ് വർധിപ്പിച്ചത്. നിലവിലെ 60: 30: 10 രീതിയിൽ കേന്ദ്ര സംസ്ഥാന എൻ.ജി.ഒ. വിഹിതം അനുസരിച്ചാണ് ക്രഷുകൾ പ്രവർത്തിക്കുന്നത്. ഓണറേറിയത്തിന്റെ 60 ശതമാനമാണ് കേന്ദ്രത്തിൽ നിന്നും ലഭിച്ചു വരുന്നത്. ഇപ്പോൾ വർധിപ്പിച്ച മുഴുവൻ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്. ഇതിനായി പ്രതിവർഷം 86.22 ലക്ഷം രൂപയുടെ അധികബാധ്യതയാണ് സർക്കാരിനുണ്ടാകുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 479 ക്രഷുകളിലെ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷുകളുടെ പ്രവർത്തനത്തിനും ജീവനക്കാരുടെ ഓണറേറിയത്തിനുമായി 10.35 കോടി രൂപ അടുത്തിടെ അനുവദിച്ചിരുന്നു. സംഘടിത, അസംഘടിത മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകൽ സമയങ്ങളിൽ സുരക്ഷിതമായി പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ക്രഷുകൾ പ്രവർത്തിക്കുന്നത്.
പി.എൻ.എക്സ്.1618/2020
- Log in to post comments