Skip to main content

പത്തുലക്ഷം കവിഞ്ഞ് കോഴിക്കോടിന്റെ 'കോവിഡ് 19 ജാഗ്രതാ'  വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശകര്‍

 

 

മാതൃക സ്വീകരിച്ച് മറ്റ് ജില്ലാഭരണകൂടങ്ങളും

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച 'കോവിഡ് 19 ജാഗ്രത' പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇന്നലെ (ഏപ്രില്‍ 30) ഉച്ച വരെയുള്ള കണക്കുപ്രകാരം 10,27,664 ആണ് വെബ് ആപ്ലിക്കേഷന്റെ ഹിറ്റുകളുടെ എണ്ണം.

കൊറോണയുടെ വ്യാപനം തടയുന്നതിനായി കൃത്യമായ ദൈനംദിന നിരീക്ഷണത്തിനും ഡാറ്റ ശേഖരണത്തിനും സമഗ്രവും ലളിതവുമായ സംവിധാനമായ വെബ് ആപ്ലിക്കേഷന് വന്‍ സ്വീകാര്യതയാണ് ഇതിനകം ലഭിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം മാര്‍ച്ച് 28 ന് 50,000 മാത്രമായിരുന്ന സന്ദര്‍ശകര്‍ 31 ന് തന്നെ ഒരു ലക്ഷം പിന്നിട്ടിരുന്നു. ഏപ്രില്‍ 6 ന് രണ്ട് ലക്ഷംവും 10 ന് മൂന്ന് ലക്ഷവും 17 ന് അഞ്ച് ലക്ഷവും പിന്നിട്ട ഹിറ്റുകള്‍ 25 ന് എട്ടു ലക്ഷം കവിഞ്ഞു. 29 ന് രാത്രി 9.30 ഓടെയാണ് 10 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടത്.

വൈറസ് സംശയിക്കുന്ന ആളുകളുടെ ദൈനദിന നിരീക്ഷണത്തിനായുള്ള സമഗ്ര വികേന്ദ്രീകൃത ഓണ്‍ലൈന്‍ മാനേജ്‌മെന്റ് സംവിധാനം മാതൃകയായി സ്വീകരിക്കാന്‍ മറ്റ് ജില്ലകളും മുന്നോട്ടുവന്നിട്ടുണ്ട്. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളിലുള്ളവര്‍ക്കും ആപ്ലിക്കേഷന്‍ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും. നിലവില്‍ വെഹിക്കിള്‍ പെര്‍മിറ്റ്, എമര്‍ജന്‍സി ട്രാവല്‍ പാസ്, സെല്‍ഫ് ഡിക്ലറേഷന്‍ പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ മിക്ക ജില്ലകളിലും ഉപയോഗിക്കുന്നുണ്ട്.

ജില്ലയിലെ കോവിഡ് 19 സംശയിക്കുന്ന വ്യക്തികളുടെ സമ്പൂര്‍ണ വ്യക്തിഗത വിവരങ്ങള്‍, യാത്രാ വിവരങ്ങള്‍, ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ശേഖരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമയനഷ്ടമില്ലാതെ വിവരങ്ങള്‍ ശേഖരിക്കാനും പരിഹരിക്കാനുള്ള ലളിതമായ സംവിധാനം, ഹോം ക്വാറന്റയിനില്‍ / ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിക്കാനുള്ള സംവിധാനം, പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള സംവിധാനം, പ്രധാനപ്പെട്ട ഫോണ്‍ നമ്പറുകള്‍, ഇന്‍ഫര്‍മേഷന്‍ എജുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍ ക്യാമ്പയിന്‍ പ്രചരണ വസ്തുക്കള്‍, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയും ലഭ്യമാണ്.

അവശ്യവസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കുമായി വീട്ടില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നവര്‍ക്ക് ഓണ്‍ലൈനായി സത്യവാങ്ങ്മൂലം നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യം കോഴിക്കോട് ജില്ലയില്‍ ഇതുവരേ ഉപയോഗപ്പെടുത്തിയത് 50491 പേരാണ്. പൊതുജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍, ചരക്കുകള്‍, സേവനം എന്നിവ ലഭ്യമാക്കുവാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് നല്‍കുന്ന അന്തര്‍ ജില്ലാ- അന്തര്‍ സംസ്ഥാന വാഹനപാസ്/പെര്‍മിറ്റിന് ഇതുവഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അവശ്യസേവനങ്ങള്‍ക്കായുള്ള സ്റ്റാഫ് പാസും അനുവദിക്കുന്നു. മരണം, അടിയന്തര ചികിത്സ തുടങ്ങി ഒഴിച്ചു കൂടാനാവാത്ത യാത്രകള്‍ക്കുള്ള അടിയന്തര യാത്രാ പാസും വെബ് ആപ്ലിക്കേഷന്‍ വഴി അനുവദിച്ചുവരുന്നുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കാനും, പൊതുജനങ്ങള്‍ക്ക്  നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയെ സംബന്ധിച്ചോ മറ്റെന്തെങ്കിലുമോ പരാതികള്‍ അറിയിക്കുന്നതിനും സഹായം തേടുന്നതിനും കോവിഡ് ജാഗ്രത എന്ന വെബ്‌സൈറ്റിലൂടെ സാധിക്കും. ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ ജില്ലാ ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം പോലീസ് കണ്‍ട്രോള്‍ റൂം എന്നിവര്‍ നിരീക്ഷിച്ച് ഉടന്‍ പ്രശ്‌ന പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കോഴിക്കോട് ഇതുവരെ ലഭിച്ച 628 പരാതികളില്‍ 626 എണ്ണവും പരിഹരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കാന്‍ ഒരു ക്ഷേമ പ്രവര്‍ത്തന ഡാഷ് ബോര്‍ഡ് കൂടി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  https://kozhikode.nic.in/covid19jagratha അല്ലെങ്കില്‍ https://covid19jagratha.kerala.nic.in ലിങ്ക് വഴി പ്രോഗ്രസ്സീവ് വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശിക്കാം.

ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ എന്‍.ഐ.സിയും ഐ.ടി മിഷനും ചേര്‍ന്നാണ് വെബ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും പരിപാലിക്കുന്നതും.

 

date