മുല്ലശ്ശേരിയിലെ ബോക്സ് കൾവർട്ട് പാലം നിർമ്മാണം പുരോഗമിക്കുന്നു
മതുക്കര മാടക്കാക്കൽ ബോക്സ് കൾവർട്ട് പാലത്തിന്റെ പ്രധാന വാർപ്പ് പൂർത്തിയായി. മാർച്ച് ആദ്യവാരം കൃഷിമന്ത്രി വി എസ് സുനിൽകുമാർ തറക്കല്ലിട്ട പാലത്തിന്റെ പ്രധാന വാർപ്പാണ് ബുധനാഴ്ചയോടെ പൂർത്തിയായത്. 1.06 കോടി രൂപ ചെലവിലാണ് നിർമ്മാണം. 6 മീറ്റർ സ്പാൻ ഉള്ള പാലത്തിന് 3 ബോക്സ് കൾവർട്ടാണ് ഉള്ളത്. ഇതിന് 4.5 മീറ്റർ ഉയരവും 5.6 മീററർ വീതിയുമാണ് ഉള്ളത്.
ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച നിർമ്മാണം മുരളി പെരുനെല്ലി എം എൽ എ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി എന്നിവരുടെ ഇടപെടലിനെ തുടർന്ന് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പുനരാരംഭിച്ചത്.
ഇതിനിടെ അതിഥി തൊഴിലാളികൾ ഒഴിഞ്ഞ് പോയതും നിർമ്മാണ സാമഗ്രികൾക്കുണ്ടായ ക്ഷാമവും പാലം പണിയെ ബാധിച്ചു. ജനപ്രതിനിധികളുടെ അവസരോചിതമായ ഇടപെടലിലൂടെ നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച് കോവിഡ് 19 ന്റെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി കോൺക്രീറ്റ് പൂർത്തീകരിച്ചു. ഇരു വശങ്ങളിലും പാർശ്വഭിത്തി നിർമ്മാണം കൂടി പൂർത്തിയായാൽ മെയ് അവസാനത്തോടെ പാലവും കൾവർട്ടും പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ വർഷക്കാലത്ത് മതുകര ഗ്രാമം അനുഭവിക്കുന്ന ഒറ്റപ്പെടലിനും പാടശേഖരങ്ങളിലേക്കുള്ള നീരൊഴുക്ക് ഇല്ലായ്മയ്ക്കും പരിഹാരമാവും.
- Log in to post comments