പൂക്കുളത്തിന് പുതുജീവനായി ചാവക്കാട് നഗരസഭ സംരക്ഷഭിത്തി കെട്ടുന്നു
നിരവധികാലമായി മാലിന്യം വലിച്ചെറിപ്പെടുന്ന പാലയൂരിലെ പൊതുകുളമായ പൂക്കുളത്തിന് ചാവക്കാട് നഗരസഭ സംരക്ഷണഭിത്തി കെട്ടുന്നു. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഇന്ന് (മെയ് 1) രാവിലെ 10 മണിക്ക് നഗരസഭ അദ്ധ്യക്ഷൻ എൻ. കെ അക്ബർ നിർവ്വഹിക്കും. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം 44 ലക്ഷം ചെലവഴിച്ചാണ് ഭിത്തി കെട്ടുന്നത്. കാലങ്ങളായുളള നഗരസഭയുടെ സ്വപ്ന പദ്ധതിയാണ് ഇതോടെ പൂവണിയുന്നത്.
മലിനമാക്കപ്പെടുന്നതിന് പുറമെ കൈയ്യേറ്റങ്ങൾ മൂലം കുളത്തിൻറെ വസ്തൃതി വലിയ തോതിൽ കുറയുകയും ചെയ്തിരുന്നു. തുടർന്ന് നഗരസഭ സർവ്വേ നടത്തി കൈയ്യേറ്റങ്ങൾ ഒഴിവാക്കി കുളത്തിൻറെ വിസ്തൃതി പൂർവ്വസ്ഥിതിയിലാക്കി. ഇതിന് ശേഷമാണ് സംരക്ഷണഭിത്തി കെട്ടി കുളം സംരക്ഷിക്കുന്നതിനുളള പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ശുദ്ധജല സ്രോതസ്സാക്കാനും കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനുളള വേദിയാക്കുന്നതിനുമാണ് പൂക്കുളം നവീകരണ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥൻ പറഞ്ഞു.
- Log in to post comments