Skip to main content

കോവിഡ് 19 മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ നിരീക്ഷണം ജാഗ്രത മുറിയാതെ വോളന്റിയര്‍മാര്‍

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ തിരികെയെത്തുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രത കൂടുതല്‍ കര്‍ശനമാക്കുന്നു. ഹോട്ട് സ്‌പോട്ടുകള്‍ ഒഴികെയുള്ള വാര്‍ഡുകളില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനും ബ്രേക്ക് ദ ചെയ്ന്‍  ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആരോഗ്യ സേന.  1,434 ടീമുകളാണ് ഇന്നലെ(മെയ് 4) ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പൊലീസിന്റെയും ആശ, ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. മൊത്തം 3,053 പേര്‍ അടങ്ങിയ വിവിധ  സംഘങ്ങള്‍ 8,308 വീടുകളാണ് ഇന്നലെ(മെയ് 4) മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും ജീവിതശൈലീ രോഗികള്‍ക്കും  ക്വാറന്റയിനിലുള്ള 1,778 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മരുന്നുകളും നല്‍കി. ഇതോടൊപ്പം ഫീല്‍ഡ്/റെയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ-സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍, 31 സ്‌ക്വാഡുകള്‍ എന്നിവയും സജീവമായിരുന്നു.
ഇതുവരെ ആകെ 4,096  പേര്‍ക്ക് മാനസികാരോഗ്യ കൗണ്‍സലിംഗ് നല്‍കി. കൂടാതെ 13,018 കേസുകളില്‍ ടെലി കൗണ്‍സലിംഗ് പൂര്‍ത്തിയാക്കി. കണ്‍ട്രോള്‍ റൂമിലേക്ക് ഇതുവരെ 5,558 ഫോണ്‍ കോള്‍കളെത്തി. നിലവിലുള്ള പോസിറ്റീവ് കേസിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത വര്‍ധിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ. നമ്പര്‍. 1286/2020)

date