ജലസ്രോതസുകളുടെ സംരക്ഷണം: പുത്തന്‍ പീടിക പള്ളിപ്പുറത്തെ പൊതുകുളം നവീകരിക്കുന്നു
വെള്ളപ്പൊക്ക നിയന്ത്രണത്തിനായി തോടുകള്‍ ശുചീകരിച്ചു
ജലസ്രോതസുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി പുത്തന്‍ പീടിക പള്ളിപ്പുറത്തെ പൊതു കുളം കയര്‍ ഭൂവസ്ത്രം സ്ഥാപിച്ച് നവീകരിക്കുന്നു. ഹരിത കേരള മിഷന്‍ പ്രകാരമാണ് പത്തര സെന്റ് വിസ്തൃതിയിലുള്ള പൊതുകുളം ഭിത്തി കെട്ടി കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നത്. അതിര്‍ ഇടിഞ്ഞുതാഴ്ന്നും മറ്റുമായി കുളം നശിച്ചു പോകുന്ന സാഹചര്യത്തിലാണ് റീ സര്‍വേ നടത്തി നവീകരിക്കാന്‍ നടപടി സ്വീകരിച്ചതെന്ന് നഗരസഭാ കൗണ്‍സിലര്‍ ദേവന്‍ ആലുങ്ങല്‍ പറഞ്ഞു. ഏഴ് ലക്ഷം രൂപ ചെലവിലാണ് നവീകരണം. പ്രഭാത സവാരിക്കാര്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടും വിധം കുളത്തിന് ചുറ്റും ഇന്റര്‍ലോക്ക് സ്ഥാപിച്ച് ഫൂട്ട് പാത്ത് ഒരുക്കും.
കയര്‍ഫെഡിന്റെ നേത്യത്വത്തിലാണ് കുളത്തിന് ചുറ്റും കയര്‍ ഭൂവസ്ത്രം വിരിയ്ക്കുക. കുളം നവീകരണത്തിന് മുമ്പ് പുത്തന്‍ പീടിക പ്രദേശത്തെ കഞ്ഞിത്തോടും തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് പ്രദേശത്ത് 40 ഓളം കുടുംബങ്ങളെ ബാധിക്കും വിധം വെളളക്കെട്ടുണ്ടായിരുന്നു. അതിനാലാണ് മഴക്കാലം എത്തും മുമ്പ് തന്നെ കഞ്ഞിത്തോട് മണ്ണും ചളിയും മാലിന്യങ്ങളും നീക്കി ശുചീകരിച്ചത്. തോട് വൃത്തിയാക്കിയതിനാല്‍ വെള്ളം തടസ്സമില്ലാതെ അറബിക്കടലിലേക്ക് ഒഴുകിപ്പോകും. അതു വഴി വെള്ളക്കെട്ട് ഒഴിവാക്കാനാകും. വെള്ളപ്പൊക്ക നിയന്ത്രണത്തിനായി മഴക്കാല പൂര്‍വ ശുചീകരണത്തില്‍ ഉള്‍പ്പെടുത്തി പരപ്പനങ്ങാടി നഗരസഭ പരിധിയിലെ പുത്തരിക്കല്‍ മുതല്‍ കല്‍പ്പുഴ വരെ നീണ്ടു കിടക്കുന്ന കണ്ടാണിപ്പുഴകല്‍പ്പുഴ തോട്, പാലത്തിങ്ങലിലെ വാലാം തോട് എന്നിവയും നവീകരിച്ചിട്ടുണ്ട്. നഗരസഭയിലെ ഡ്രൈനേജുകളും ചളിയും മണ്ണും നീക്കി ശുചീകരിച്ചതായി ചെയര്‍പേഴ്സണ്‍ വി.വി ജമീല ടീച്ചര്‍ അറിയിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെയായിരുന്നു നവീകരണം.
- Log in to post comments