Skip to main content

ബ്രേക്ക് ത്രൂ രണ്ടാംഘട്ടം: വെള്ളക്കെട്ട് പരിഹരിക്കാന്‍ തോടുകള്‍ ബന്ധിപ്പിക്കും

എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി കാരണക്കോടം, ചങ്ങാടംപോക്ക് തോടുകളെ പരസ്പരം ബന്ധിപ്പിക്കും. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തോടുകളെ കൂട്ടിയോജിപ്പിക്കുന്നത്. ഇതോടെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന്‍ പരിസരത്തെയും കെ.എസ്.ഇ.ബി സബ് സ്റ്റേഷന്‍ പ്രദേശത്തെയും വെള്ളക്കെട്ട് വലിയൊരളവില്‍ പരിഹാരമാകും.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സ്ഥലസന്ദര്‍ശനം നടത്തിയ ശേഷം കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അടിയന്തര നടപടി എന്ന നിലയില്‍ കാരണക്കോടം, ചങ്ങാടംപോക്ക് തോടുകള്‍ കൂട്ടിയോജിപ്പിക്കാന്‍ തീരുമാനിച്ചത്. കലൂര്‍ മെട്രോ സ്റ്റേഷന്‍ പരിസരത്തു നിന്നും വെള്ളമൊഴുകി പോകാത്തത് മൂലം കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലേക്ക് വെള്ളം കയറി പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യം ഇനിയും ആവര്‍ത്തിക്കരുതെന്ന് മന്ത്രി പറഞ്ഞു. കളക്ടര്‍ എസ്. സുഹാസ് ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കീഴിലുള്ള ടെക്നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുന്നത്. 
റോഡിന്റെ വശങ്ങളിലെ കാനകളിലെ തടസങ്ങൾ മാറ്റി ചെളി നീക്കം ചെയ്യാൻ കെ.എം.ആർ.എല്ലിനെയും കൊച്ചി കോർപ്പറേഷനേയും ചുമതലപ്പെടുത്തി. നഗരത്തിലെ കാനകളിലൂടെയും ചെറുതോടുകളിലൂടെയും പ്രധാന തോടുകളിലെത്തുന്ന വെള്ളം കായലിലേക്ക് ഒഴുക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. മഴക്കാലം ശക്തിയാര്‍ജിക്കുന്നതിന് മുമ്പു തന്നെ നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിന്‍റ കിഴക്കന്‍ അതിര്‍ത്തിയും പ്രധാന ജലനിര്‍ഗമന മാര്‍ഗവുമായ ഇടപ്പള്ളിത്തോടിലെ തടസങ്ങള്‍ നീക്കുന്ന ജോലി കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ചെളിയും പായലും നീക്കി തോടിന്‍റെ ആഴം കൂട്ടി ജലപ്രവാഹം സുഗമമാക്കും. ഇടപ്പള്ളിത്തോട്ടിലേക്ക് എത്തിച്ചേരുന്ന മറ്റ് ചെറുതോടുകളും വൃത്തിയാക്കുന്നുണ്ട്. 
കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.ടി തോമസ്, ടി.ജെ വിനോദ്, കൊച്ചി മേയർ സൗമിനി ജെയിൻ, ജില്ലാ കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ബാജി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

date