കുരുന്നിലകൃഷി അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ
മൈക്രോ ഗ്രീൻ അടുക്കളത്തോട്ടം കാമ്പയിനുമായി കുടുംബശ്രീ ജില്ലാ മിഷൻ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടിനകത്ത് തന്നെ ഒതുങ്ങി ഇരിക്കുന്ന ഈ സമയത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് കുടുംബശ്രീ കാഴ്ചവച്ചത്.
ഇപ്പോൾ കോവിഡ് പ്രതിരോധത്തിന് പുതിയൊരു മാതൃക സൃഷ്ടിക്കുന്നതിനും കുടുംബശ്രീ തുടക്കം കുറിക്കുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ ഇലക്കറികൾക്ക് വലിയ പങ്കുണ്ട്. പ്രത്യേകിച്ചും കുരുന്നിലകൾക്കും (മൈക്രോ ഗ്രീൻസ്), വിത്ത് മുളപ്പിച്ച ഉടനെയുള്ള ബീജങ്കുരങ്ങൾക്കും. സാധാരണ ഇലക്കറികളിൽ ഉള്ളതിനേക്കാൾ പ്രോട്ടീൻ, അമിനോ അമ്ലങ്ങൾ, വൈറ്റമിൻ എ, വൈറ്റമിൻ സി, ലവണങ്ങൾ, അയേൺ, പൊട്ടാസ്യം, കാൽസ്യം തുടങ്ങി മനുഷ്യശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്തെടുക്കാൻ കഴിയുന്ന ഒട്ടനവധി സൂക്ഷ്മ മൂലകങ്ങളുടെ കലവറ കൂടിയാണ് മൈക്രോ ഗ്രീൻസ് അഥവാ കുരുന്നിലയും ബീജാങ്കുരവും.
അധികം ചിലവില്ലാതെ വീട്ടിൽ ഇരുന്ന് മൈക്രോ ഗ്രീൻ കൃഷി ചെയ്ത് സ്വയം പ്രതിരോധശേഷി വളർത്തിയെടുക്കും.
ട്രേയും കുറച്ച് കോട്ടൻ തുണിയും അല്ലെങ്കിൽ ടിഷ്യു പേപ്പറും ഉണ്ടെങ്കിൽ അടുക്കളയിൽ തന്നെ മൈക്രോ ഗ്രീൻസ് വളർത്തിയെടുക്കാം. പോഷകസമൃദ്ധമായ ഇലക്കറികൾ നമ്മുടെ ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തി രോഗ പ്രതിരോധശേഷി വളർത്തിക്കൊണ്ട് കോവിഡ് പ്രതിരോധിക്കുക എന്നതാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ചെറുപയർ, വൻപയർ, കടല, മുതിര, കടുക്, ഉലുവ തുടങ്ങിയവയും മത്തൻ, വെള്ളരി, ചീര വിത്തുകളും ഇതിനുപയോഗിക്കാം. വിത്ത് കഴുകി 12 മണിക്കൂർ കുതിർത്തശേഷം ട്രേയിൽ തുണി നനച്ച് വിരിച്ച് അതിൽ വിത്തുപാകി മൂടി ഇടുന്നു. നാല്, അഞ്ചു ദിവസത്തെ വളർച്ചയ്ക്ക് ശേഷം വിളവെടുത്ത് നല്ല തോരൻ ഉണ്ടാക്കി ഉപയോഗിക്കാം. കാർഷിക സർവകലാശാലയിലെ പ്രൊഫസറും വെജിറ്റബിൾ സയൻസ് വകുപ്പ് മേധാവിയുമായ ഡോ പ്രദീപ് കുമാറാണ് ഈ ക്യാമ്പയിനാണ് ആവശ്യമായ സാങ്കേതിക പിന്തുണ നൽകുന്നത്. ഈ കൊറോണകാലത്ത് മൈക്രോ ഗ്രീൻ ക്യാമ്പയിൻ ജില്ലയിലെ 24698 അയൽക്കൂട്ടങ്ങളിലുള്ള നാലുലക്ഷത്തോളം അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.
- Log in to post comments