Skip to main content

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകള്‍ മെയ് 26ന് ആരംഭിക്കും

 

ജില്ലയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പൊതു പരീക്ഷകള്‍ ഈ മാസം 26, 27, 28 തിയ്യതികളില്‍ നടക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന കോവിഡ്-19 നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കളുടെ വാഹനങ്ങളില്‍ സ്‌കൂളുകളില്‍ എത്തിക്കാം. സൗകര്യക്കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബസ് സൗകര്യം ഏര്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

പരീക്ഷയ്ക്ക് മുന്നോടിയായി പരീക്ഷകള്‍ നടക്കുന്ന എല്ലാ സ്‌കൂളുകളും അണുവിമുക്തമാക്കും. ക്ലാസ്സ് മുറികള്‍, ഓഫീസ്, സ്‌കൂള്‍ പരിസരം, ടോയ്ലറ്റുകള്‍, പൈപ്പുകള്‍ എന്നിവയാണ് അണുവിമുക്തമാക്കുക. ഇത് പരിശോധിക്കുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ സ്‌കൂളുകളില്‍ എത്തും. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തും. പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ആരെങ്കിലും രോഗലക്ഷണം കാണിച്ചാല്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ മാസ്‌കുകള്‍ ബി.ആര്‍.സി  മുഖേന അതത് സ്‌കൂളുകളില്‍ മെയ് 20നകം എത്തിക്കും. എന്‍.എസ്.എസ് (നാഷണല്‍ സര്‍വീസ് സ്‌കീം), വി.എച്ച്.എസ്.ഇ വിഭാഗം, ബി.ആര്‍.സി എന്നീ വിഭാഗങ്ങളാണ് മാസ്‌കുകള്‍ തയ്യാറാക്കുനത്. ഒന്നര ലക്ഷത്തിലധികം മാസ്‌കുകളാണ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. എന്‍. എസ്. എസ് തയ്യാറാക്കിയ മാസ്‌കുകള്‍ എന്‍. എസ്. എസ് യൂണിറ്റുകളുള്ള 79 സ്‌കൂളുകളിലേക്ക് എത്തിക്കും. ബാക്കി വരുന്ന മാസ്‌കുകള്‍ ആവശ്യമായ സ്‌കൂളുകളിലേക്ക് ബിആര്‍സി മുഖേന എത്തിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു.

date