Skip to main content

വി. എസ്. അച്യുതാനന്ദന്‍ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചു

വാളയാര്‍ ചെക്‌പോസ്റ്റില്‍ സ്ഥാപിക്കാനുള്ള തെര്‍മല്‍ സ്‌കാനര്‍ ജില്ലാകളക്ടര്‍ക്ക് നല്‍കി

 

 

 മലമ്പുഴ എംഎല്‍എയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ.് അച്യുതാനന്ദന്റെ  ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്  വാങ്ങിയ തെര്‍മല്‍ സ്‌കാനര്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ സ്ഥാപിക്കുന്നതിനായി കൈമാറി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ മലമ്പുഴ മണ്ഡലത്തിന്റെ  ചുമതലയുള്ള കെ. വി. വിജയദാസ് എം എല്‍ എ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) കെ. പി. റീത്തക്ക് കൈമാറി. എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് മുഴുവന്‍ ദേഹപരിശോധന നടത്താന്‍ സജ്ജീകരണങ്ങളുള്ള തെര്‍മല്‍ സ്‌കാനര്‍ വാങ്ങിയത്. കെ. എം. സി. എല്ലിന്റെ  നേതൃത്വത്തിലാണ് വാളയാറില്‍ സ്‌കാനര്‍ സ്ഥാപിക്കുന്നത്. സ്‌കാനര്‍ ഉപയോഗിച്ച് ശാസ്ത്രീയമായ പരിശോധന വളരെ കുറഞ്ഞ സമയത്തില്‍ ചെയ്യാന്‍ കഴിയുന്നതിനാല്‍ അതിര്‍ത്തിയിലെ തിരക്ക് ഒഴിവാക്കാന്‍ കഴിയും.

മലമ്പുഴ മണ്ഡലത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 1 കോടി 8 ലക്ഷം രൂപ ആസ്തി വികസന നിധിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിക്ക് അടക്കം 2 വെന്റിലേറ്ററുകള്‍ ഇതിനകം കൈമാറി.  30 ലക്ഷം രൂപ എലപ്പുള്ളി ആശുപത്രി ഐ.സി.യു കെട്ടിട നിര്‍മ്മാണത്തിനായും നല്‍കിയിട്ടുണ്ട്. 50 ലക്ഷം രൂപ ചെലവഴിച്ച്  മണ്ഡലത്തിലെ 8 ആശുപത്രികള്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്.. അതിര്‍ത്തി പ്രദേശങ്ങള്‍ അണുവിമുക്തമാക്കാന്‍ സ്ഥിരം അഗ്‌നിശമന സേന രൂപീകരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ വി.എസ്. അച്യുതാനന്ദന്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

date