Skip to main content

പോലീസ് ഡ്യൂട്ടിയില്‍ 50 ശതമാനം പേര്‍

 

പോലീസ് സ്റ്റേഷനുകളിലും പൊതു ഇടങ്ങളിലും ജോലിചെയ്യുന്ന പോലീസുകാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കണമെന്ന  നിര്‍ദേശ പ്രകാരം ജില്ലയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാര്‍ അറിയിച്ചു. സ്റ്റേഷനുകളിലും ഫീല്‍ഡിലും ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ എണ്ണം പകുതിയാക്കി കുറച്ചിട്ടുണ്ട്. ഇവര്‍ ഏഴു ദിവസം ഡ്യൂട്ടി എടുത്ത് ബാക്കിയുള്ള ഏഴുദിവസം ക്വാറന്റൈനില്‍ കഴിയുന്നതാണ്.  ഈ സമയങ്ങളില്‍ ബാക്കിയുള്ള 50 ശതമാനം പോലീസുകാരെ ഡ്യൂട്ടിയില്‍ നിയോഗിക്കും. ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ ഓഫീസുകളില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യണ്ടെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലിക്കു ശേഷം ഇവര്‍ വീടുകളിലേക്ക് മടങ്ങി പോവുകയാണ്.

ലോക്ക് ഡൗണ്‍ ആരംഭിച്ചതുമുതല്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പൊതുഇടങ്ങളിലും സ്ഥാപനങ്ങളിലും നിരത്തുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ദിനംപ്രതി 100 മുതല്‍ 150 വരെ ലോക്ക് ഡൗണ്‍ ലംഘന കേസുകള്‍  ജില്ലയില്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് എത്തുന്ന വാളയാര്‍ ചെക്‌പോസ്റ്റില്‍ ശരാശരി 70 പോലീസുകാരാണ് രേഖകള്‍ പരിശോധിക്കുന്നതിനും ആളുകളെ കടത്തിവിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ചെക്‌പോസ്റ്റില്‍ എത്തുന്നവര്‍ക്ക് വേണ്ട സഹായങ്ങളും വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുന്നത് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലാണ്. സംസ്ഥാന, ജില്ലാ അതിര്‍ത്തികളിലെ റോഡുകളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ കൃത്യമായ  പരിശോധനയാണ് നടത്തുന്നത്.

കപ്പലുകളിലും വിമാനങ്ങളിലും എത്തുന്ന പ്രവാസികളെ ജില്ലാ അതിര്‍ത്തികളില്‍ നിന്ന് വീടുകളില്‍ എത്തിക്കുന്നതും പോലീസിന്റെ ചുമതലയാണ്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് എത്തുന്നവരെ വാണിയംപാറ,  ചെറുതുരുത്തി എന്നിവിടങ്ങളില്‍ നിന്നും മലപ്പുറത്ത്  നിന്നെത്തുന്നവരെ കരിങ്കല്ലത്താണി,  പുലാമന്തോള്‍ എന്നിവിടങ്ങളില്‍നിന്നും ജില്ലയിലെ പോലീസിന്റെ അകമ്പടിയോടെയാണ് എത്തിക്കുന്നത്.  

വീടുകളില്‍ ക്വാറന്റൈനില്‍  കഴിയുന്നവര്‍ കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫോണ്‍ വഴിയും നേരിട്ടും പരിശോധന നടത്തുന്നുണ്ട്. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാനും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ശരാശരി നൂറിലധികം ആളുകള്‍ ദിനംപ്രതി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന്റെ പേരില്‍ പോലീസിന്റെ  പിടിയിലാകുന്നുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നത് തടയാനും കടകളിലും സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ജില്ലയില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

date