Skip to main content

വനിതാ കമ്മീഷന്‍ നിയമ ശില്പശാല നടത്തും

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഏപ്രില്‍ മാസം മുതല്‍  എല്ലാ ബ്ലോക്കുകളിലും നിയമ ശില്പശാലകള്‍ സംഘടിപ്പിക്കുമെന്ന് വനിതാകമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു. ശില്പശാലയില്‍ പുരുഷന്‍മാരെ കൂടി പങ്കെടുപ്പിക്കുമെന്നും കളക്ടറേറ്റില്‍ നടന്ന സിറ്റിംഗിനു ശേഷം വനിത കമ്മീഷന്‍ അംഗം പറഞ്ഞു. വനിതാകമ്മീഷന്റെ അധികാര പരിധിയില്‍ വരാത്ത നിരവധി പരാതികളാണ് കമ്മീഷനുമുന്നിലെത്തുന്നത്. സ്വത്ത് തര്‍ക്കം മുതല്‍ മോഷണക്കേസുവരെ വിചിത്രമായ പരാതികളാണ് ഇങ്ങനെ വരുന്നത്. പുരുഷന്‍മാരുടെ പരാതികള്‍ സ്ത്രീകളെക്കൊണ്ട് കൊടുപ്പിക്കുന്ന സംഭവങ്ങളും ഏറിവരികയാണ്. ഈ സാഹചര്യത്തിലാണ് നിയമ ശില്പശാലകള്‍ സംഘടിപ്പിക്കുന്നത്. ജാഗ്രതാസമിതികള്‍ നിര്‍ജീവമായതുകൊണ്ടാണ് ശരിയായ പരാതികള്‍ വരാതിരിക്കുന്നതെന്നും ജാഗ്രതാസമിതികള്‍  പുന:സംഘടിപ്പിക്കുമെന്നും രാധ പറഞ്ഞു.
യുവതീയുവാക്കള്‍ക്ക് വേണ്ടി എല്ലാ ജില്ലയിലും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നല്‍കും. ജില്ലയിലെ ആദ്യപരിപാടി ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കും. ചെറുപ്പക്കാര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്താന്‍ തീരുമാനിച്ചത്. 18 വയസ്സ് കഴിഞ്ഞ സ്ത്രീകളെയും പുരുഷന്‍മാരെയുമാണ് കൗണ്‍സിലിംഗില്‍ പങ്കെടുപ്പിക്കുക.
കളക്ടറേറ്റില്‍  നടന്ന സിറ്റിംഗില്‍ ആകെ 79 പരാതികളാണ് ലഭിച്ചത്. 18 എണ്ണം തീര്‍പ്പാക്കി. ഏഴ് പരാതികളില്‍ പൊലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 54 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം സംബന്ധിച്ച പരാതികളാണ് ജില്ലയില്‍ ഏറെയും വരുന്നതെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന സംഭവങ്ങളിലും പരാതികളുണ്ട്.  പ്രവാസികള്‍ക്കെതിരായ പരാതികള്‍ കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കുന്നുണ്ട്. അവരെ സിറ്റിംഗില്‍  വിളിച്ചുവരുത്തുന്നതില്‍ കാലതാമസം നേരിടുന്നതായും കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു.
വനിതാ കമ്മീഷന്‍ എസ്.ഐ എല്‍. രമ, അഭിഭാഷകരായ ഷാന്‍സി നന്ദകുമാര്‍, റീബ എബ്രഹാം, അയിഷ പി. ജമാല്‍ എന്നിവരും സിറ്റിംഗില്‍ പങ്കെടുത്തു.

 

date