Skip to main content

എസ് എസ് എല്‍ സി/ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന്(മെയ് 26) മുതല്‍

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട എസ് എസ് എല്‍ സി/ഹയര്‍ സെക്കന്ററി/വെക്കേഷണല്‍ ഹയര്‍ സെക്കന്ററി  പരീക്ഷകള്‍ ഇന്നു മുതല്‍(മെയ് 26)  മെയ് 30 വരെ നടത്തും.  ജില്ലയില്‍ 232 പരീക്ഷാ കേന്ദ്രങ്ങളിലായി 96,640 കുട്ടികളാണ് പരീക്ഷയെഴുതുന്നത്(എസ് എസ് എല്‍ സി-30,450, എച്ച് എസ് എസ്-58,096, വി എച്ച് എസ് ഇ-8,094).
കോവിഡ് ജാഗ്രത മാനദണ്ഡങ്ങള്‍ പാലിച്ച് മുഴുവന്‍ കുട്ടികളെയും പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ച് പരീക്ഷ സുരക്ഷിതമായി നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും നടത്തി.  ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന 81 കുട്ടികള്‍ മറ്റ് ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിലും മറ്റ് ജില്ലകളിലുളള 69 കുട്ടികള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പരീക്ഷ എഴുതും.
ഫയര്‍ ഫോഴ്‌സിന്റെ സാഹയത്തോടെ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കി. ഹാന്റ്‌വാഷ്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ മുതലായവ എല്ലാ സ്‌കൂളുകളിലും സജ്ജീകരിച്ചു. വിദ്യാര്‍ഥികള്‍ക്കുളള മാസ്‌ക്കും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും എസ് എസ് കെ മുഖേന വീടുകളില്‍ എത്തിച്ചു. വാഹന സൗകര്യങ്ങള്‍ ഇല്ലാത്തതും ഒറ്റപ്പെട്ട കേന്ദ്രങ്ങളിലുള്ള കുട്ടികളെ പരീക്ഷ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
കെ എസ് ആര്‍ ടി സി യുടെ സര്‍വീസുകളും ഉണ്ടായിരിക്കും. കുടിവെളളം സ്‌കൂളുകളില്‍ ലഭ്യമാണെങ്കിലും കുട്ടികള്‍ കൊണ്ടുവരുന്നതാണ് അഭികാമ്യമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പരീക്ഷ സംബന്ധമായ സംശയനിവാരണത്തിനുളള വാര്‍ റൂം വിദ്യാഭ്യാസ ഉപഡയറക്ടറാഫീസില്‍ പ്രവര്‍ത്തിച്ചു വരുന്നു.
(പി.ആര്‍.കെ നമ്പര്‍ 1465/2020)
 

date