Skip to main content

വനിതാ കമ്മീഷന്‍ ഇടപെട്ടു കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക്  വിട്ടു കൊടുത്തു

അഞ്ചല്‍ സ്വദേശിനി ഉത്രയുടെ കൊലപാതകത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഡോ ഷാഹിദാ കമാലിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
ഉത്രയുടെ കുഞ്ഞിനെ തങ്ങള്‍ക്ക് കൈമാറണമെന്ന ഉത്രയുടെ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവായി. ഈ ആവശ്യം ഉന്നയിച്ച് കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക്  വിട്ടു നല്‍കാന്‍ ഉത്തരവായത്.
വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനകമുളള മരണമായത് കൊണ്ട് സ്ത്രീധന  നിരോധന നിയമ പ്രകാരവും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരവും ഉത്രയുടെ ഭര്‍ത്താവ്  സൂരജിനും  ഭര്‍ത്തൃ കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും ഡോ ഷാഹിദാ കമാല്‍ അറിയിച്ചു.  
തിങ്കളാഴ്ച രാവിലെ ഉത്രയുടെ വീട് സന്ദര്‍ശിച്ച ഡോ ഷാഹിദാ കമാല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സൂരജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു
(പി.ആര്‍.കെ നമ്പര്‍ 1471/2020)  

 

date