Skip to main content

വികാസ് പീഡിയ സന്ദര്‍ശകരുടെ എണ്ണം നാല് കോടിയിലേക്ക്: ഓണ്‍ലൈന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം

 

        കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വികസന പോര്‍ട്ടലായ വികാസ് പീഡിയയുടെ മലയാളം ഭാഷാപോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ  എണ്ണം നാല് കോടിയിലേക്ക് എത്തി. 23 ഭാഷകളിലുള്ള പോര്‍ട്ടലില്‍ പുതിയ വിവരദാതാക്കളുടെ എണ്ണവും പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും മലയാള വിഭാഗത്തില്‍ അനുദിന വര്‍ദ്ധനവ് ആണ് ഉണ്ടാകുന്നതെന്ന് സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി. ഷിബു പറഞ്ഞു.
        കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം ,ഇ - ഭരണം തുടങ്ങിയ ആറ് വിഷയങ്ങളിലാണ് വിവരങ്ങളും വിവരദാതാക്കളും ഉള്ളത്. ഓണ്‍ലൈന്‍  സന്നദ്ധ പ്രവര്‍ത്തകരാണ്  വിവരദാതാക്കള്‍.നോട്ട് നിരോധനത്തെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളെ കുറിച്ചും ജി.എസ്.ടി. നിലവില്‍  വന്നതോടെ ജി.എസ്.ടി.യെക്കുറിച്ചറിയാനുമാണ് കൂടുതല്‍ പേര്‍ വികാസ് പീഡിയ സന്ദര്‍ശിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും സര്‍വ്വകലാശാലകളും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് മലയാളം ഭാഷാ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം. നിലവില്‍ സ്റ്റേറ്റ് നോഡല്‍ ഏജന്‍സിയായ വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. സാങ്കേതിക കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്ന സി-ഡാക് കേരളത്തില്‍ വിവിധ സോഫ്റ്റ് വെയറുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. കേരളത്തില്‍ എല്ലാ ജില്ലയിലും ഡിജിറ്റല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ ഏകോപനം നടന്നു വരന്നു.  ജില്ലയില്‍ കൂടുതല്‍ വിവരദാതാക്കള്‍ പുതിയതായി കടന്നു വന്നിട്ടുണ്ടന്നും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ വികാസ് പീഡിയ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണന്നും മലപ്പുറം ജില്ലാ ഇ - ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ്. മേനോന്‍, അബ്ദുനാസര്‍ എന്നിവര്‍ പറഞ്ഞു.

 

date