റോഡ് പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ വികസന സമിതി നിര്‍ദേശം
പദ്ധതി നിര്‍വഹണം അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന സാഹചര്യത്തില്‍ റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ തോട്ടട-കിഴുന്നപ്പാറ തെരു മണ്ഡപം റോഡ്, ഏച്ചൂര്‍-മൗവഞ്ചേരി റോഡ്, വാരം ബസാര്‍-വാരം കടവ് റോഡ്, കുറുവ-കടലായി-വട്ടക്കുളം-ഇ.എസ്.ഐ ആശുപത്രി റോഡ്, കലക്ടറേറ്റ് ബംഗ്ലാവ്-തളാപ്പ് റോഡ് എന്നിവയുടെ പ്രവൃത്തികള്‍ മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂര്‍ കോര്പറേഷന്, മുണ്ടേരി പഞ്ചായത്ത് എന്നിവിടങ്ങളിലെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട ഒന്‍പത് പുനരുദ്ധാരണ പ്രവൃത്തികള്‍ മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്കി.
അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന അവേര, പള്ളിപ്പുറം പട്ടികജാതി കോളനികളുടെ നവീകരണ പദ്ധതികളുടെ എസ്റ്റിമേറ്റ് ഡയരക്ടറുടെ അംഗീകാരത്തിനായി അയച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments