Skip to main content

കലക്‌ടേഴ്‌സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സേവനസന്നദ്ധമായി സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി

കലക്‌ടേഴ്‌സ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം

സേവനസന്നദ്ധമായി സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി

വിശക്കുന്നവര്‍ക്ക് സഹായമെത്തിക്കുകയല്ലേ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ?. കൊല്ലം ശ്രീനാരായണ കോളജ് വിദ്യാര്‍ഥിനി രോഹിണിയാണ് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനു മുന്നില്‍ സംശയം ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന ചടങ്ങുകളിലെത്തി ആവശ്യക്കാര്‍ക്കായി ആഹാരം സ്‌പോണ്‍സര്‍ ചെയ്യിക്കുന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ എത്തുകയാണ് ആദ്യം വേണ്ടതെന്നതായിരുന്നു കലക്ടറുടെ മറുപടി. ആഹാരം പാഴാക്കരുതെന്ന വലിയ സന്ദേശം കൂടി പകരാനും ഇതുവഴി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടം കോളജ് വിദ്യാര്‍ഥികള്‍ക്കായി തുടങ്ങിയ സ്റ്റുഡന്റ് കമ്മ്യൂണിറ്റി സര്‍വീസിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. 

ദുരന്തമുഖത്ത് സഹായമെത്തിക്കുന്നത് സംബന്ധിച്ച ടി.കെ.എം എഞ്ചിനീയിറിംഗ് കോളജിലെ ശ്രേയയുടെ ചോദ്യത്തിന് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പരിചയിച്ച് സേവന സന്നദ്ധരാകാമെന്നായിരിന്നു കലക്ടറുടെ പ്രതികരണം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ അടുത്തറിയാന്‍ സ്റ്റുഡന്റ്‌സ് കമ്മ്യൂണിറ്റി പദ്ധതി അവസരമൊരുക്കും. മാനവവിഭവശേഷി വിനിയോഗിക്കുന്നതില്‍ രാജ്യം ഏറെ മുന്നോട്ട് പോകാനുണ്ടെന്നും യുവജനങ്ങളുടെ സേവനതത്പരത അതിന് പരിഹാരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്ത് ആദ്യമായാണ് യുവജനങ്ങളുടെ സേവനം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുമായി ഏകോപിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്ന പദ്ധതിയിലൂടെ വിവിധ മേഖലകളില്‍ വിദ്യാര്‍ഥികളുടെ പ്രാതിനിധ്യപരമായ ഇടപെടല്‍ ഉറപ്പാക്കും.  ടെക്‌നിക്കല്‍, മെഡിക്കല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, വിമന്‍ എംപവര്‍മെന്റ്, വെല്‍ഫെയര്‍, ഇന്നൊവേഷന്‍, ഡോക്യുമെന്റേഷന്‍, ഐ.ടി, തുടങ്ങിയ മേഖലകളിലാണ് കുട്ടികളെ പങ്കെടുപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. 

പദ്ധതിയുടെ ഭാഗമായി വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ദൗത്യമാണ് വിദ്യാര്‍ഥികള്‍ക്ക് ആദ്യം നല്‍കിയത്. പൊതു ഇടങ്ങള്‍ വയോജന സൗഹൃദമാക്കുന്നതിനുള്ള സാധ്യതാ പഠനം കൂടിയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്.  ഈ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാകും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക. 

ടി.എം. വര്‍ഗീസ് സ്മാരക ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പദ്ധതി കണ്‍വീനര്‍ എ.ഡി.സി. ജനറല്‍ വി. സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ സതീഷ്, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മണികണ്ഠന്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. സുധാകരന്‍, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ആസിഫ് അയൂബ് എന്നിവര്‍ സംസാരിച്ചു. 

(പി.ആര്‍.കെ 470/18)

date