77 കോടി രൂപയുടെ ആശുപതി വികസനത്തിന് തുടക്കം കുറിച്ചു
കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 77 കോടി രൂപയുടെ വികസനത്തിന് തുടക്കം. താലൂക്ക് ആശുപത്രിയിലെ ഏഴുനില കെട്ടിടത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വ്വഹിച്ചു.
മികച്ച പൊതുജനാരോഗ്യ സംവിധാനം ഉള്ളതിനാലാണ് കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തിന് കഴിഞ്ഞത്. ആദ്യഘട്ടത്തില്‍ ഇരുപത് ശതമാനം പകര്‍ച്ചാഭീഷണി കേരളത്തില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പത്ത് ശതമാനത്തില്‍ താഴെയാണ്. രോഗപ്രതിരോധത്തിന് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. നാട്ടിലെത്തി ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കുന്ന പ്രവര്‍ത്തനം തുടരണമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രി വികസനത്തിനായി 77 കോടി രൂപ അനുവദിച്ചത്. ഇതില്‍ 39 കോടി രൂപയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചതായും ആര്‍ദ്രം മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ ചികിത്സാ വിഭാഗങ്ങളും അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ആശുപത്രി നിര്‍മാണം.
13 സ്പെഷ്യാലിറ്റി ഒ പി കള്‍, രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകള്‍, മെഡിക്കല്‍ സര്‍ജിക്കല്‍ ഐ സി യു, 130 കിടക്കകള്‍, കാഷ്വാലിറ്റി, മോര്‍ച്ചറി, പാലിയേറ്റിവ് യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വിശാലമായ പാര്‍ക്കിങ് തുടങ്ങി എല്ലാ അത്യാധുനിക സംവിധാനങ്ങളോടും കൂടിയാണ് പുതിയ ഏഴ് നില കെട്ടിടം ഒരുങ്ങുന്നത്.
2021 ഡിസംബറിന് മുന്‍പ് ആശുപത്രി സമുച്ചയം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടെങ്കിലും ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കത്തക്ക രീതിയില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ജില്ലാപഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്ലാവറ ജോണ്‍ ഫിലിപ്പ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജ്, കയര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എസ് എല്‍ സജികുമാര്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് അനിത കെ കുമാര്‍, ആശുപത്രി ജീവനക്കാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1739/2020)
- Log in to post comments