വയോ മൊബി-വിസ്‌ക് പാരിപ്പളളി മെഡിക്കല്‍ കോളേജിന് സമര്‍പ്പിച്ചു
കോവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധോദ്ദേശ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ രൂപകല്പ്പന ചെയ്ത റോബോട്ടിക് വാഹനം വയോ മൊബി-വിസ്‌ക് പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സമര്‍പ്പിച്ചു. നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ എം നൗഷാദ് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ പാരിപ്പളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ഹബീബ് നസീമിന് കൈമാറി.
കോളജിലെ ഇന്നോവേഷന്‍ സെല്‍, കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍, മാനേജ്‌മെന്റ് സെല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അധ്യാപക-വിദ്യാര്‍ഥി കൂട്ടായ്മയില്‍ ആരംഭിച്ച വയോ പീക്കിങ്ങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ട് അപ്പാണ് അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന മൊബി വിസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകരുമായും വിദഗ്ധരുമായും ആലോചിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണ് വാഹനം നിര്‍മ്മിച്ചത്.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണമായി കവര്‍ ചെയ്ത് നിര്‍മിച്ചിരിക്കുന്ന സംവിധാനം ഉപയോഗിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി പി ഇ കിറ്റ് ഉപയോഗിക്കാതെ സുരക്ഷിതമായി രോഗികളുമായും നിരീക്ഷണത്തില്‍ കഴിയുന്നവരുമായും ഇടപെടാനും സാമ്പിള്‍ ശേഖരിക്കുവാനും സാധിക്കും. മരുന്നു, ഭക്ഷണം നല്‍കല്‍, ദിവസേനയുള്ള പരിശോധനകള്‍, മുറികളുടെ ശുചീകരണം എന്നിവയും ഈ വാഹനം ഉപയോഗിച്ചു ചെയ്യാം.
രോഗികളുമായി അടുത്ത് സംവദിക്കാനുള്ള ഓഡിയോ സംവിധാനം, ഏത് ദിശയിലേക്കും ചലിപ്പിക്കാനും വേഗത നിയന്ത്രിക്കാനുമുള്ള ക്രമീകരണങ്ങള്‍, 200 മുതല്‍ 250 കിലോവരെ ഭാരം താങ്ങാനുള്ള ശേഷി എന്നിവ വയോ മൊബി-വിസ്‌കിന്റെ പ്രത്യേകതകളാണ്. ഇലക്ട്രിക് മോട്ടോറില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വായു മലിനീകരണം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി റീചാര്‍ജിങ് സ്റ്റേഷനും ഇതിനൊപ്പമുണ്ട്. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ 20 മിനിറ്റോളം വാഹനം ഓടിക്കാവുന്നതാണ്.
കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം മേധാവി പ്രമോദ് എസ്. ദാസ്, പൂര്‍വ വിദ്യാര്‍ഥികളായ പ്രമോദ്, വിഷ്ണു, നിതിന്‍, ആഷിഖ്, ഷാനി, ഷിജി എന്നിവരാണ് ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
(പി.ആര്‍.കെ നമ്പര്‍ 1785/2020)
- Log in to post comments