ഗ്രാമ വിശുദ്ധിയുമായി കുടുംബശ്രീ 'സേവിക' നഗരങ്ങളിലേക്ക്....
മലയോര ഗ്രാമങ്ങളിലെ തനത് വിഭവങ്ങളും രുചിഭേദങ്ങളും കുടുംബശ്രീയുടെ 'സേവിക' മൊബൈല്‍ മാര്‍ക്കറ്റിങ് യൂണിറ്റിലൂടെ നഗരവാസികളിലെത്തുന്നു.
ജില്ലാതല ഉത്ഘാടനം ജൂലൈ എട്ടിന് വൈകിട്ട് നാലിന് പത്തനാപുരം ടൗണില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള നിര്‍വ്വഹിക്കും.
പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ്‌കുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് മൊബൈല്‍ വാഹനം വാങ്ങിയത്. കുടുംബശ്രീ സംരംഭകരുടെ കൂട്ടായ്മയായ 15 പേരടങ്ങുന്ന മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റസ് ആയ 'സേവിക'ക്കാണ് നടത്തിപ്പ് ചുമതല. ഒരു വനിതാ ഡ്രൈവര്‍ അടക്കം മൂന്ന് പേരാണ് വാഹനത്തിലുള്ളത്.
പത്തനാപുരം ബ്ലോക്കിലെ പഞ്ചായത്തുകള്‍, വെട്ടിക്കവല, മേലില എന്നിവിടങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിക്കും. വനവിഭവങ്ങള്‍, കുട്ട, വട്ടി, മുറം, കരകൗശല വസ്തുക്കള്‍, നാട്ടുപഴമയുടെ കറിക്കൂട്ടുകള്‍, വിവിധതരം പൊടിവര്‍ഗങ്ങള്‍, പലഹാരങ്ങള്‍, വ്യത്യസ്തതരം കേക്കുകള്‍, രാസവസ്തുക്കള്‍ ചേരാത്ത കോസ്മെറ്റിക് ഉത്പന്നങ്ങള്‍, മാസ്‌ക്, സാനിറ്റൈസര്‍, തുണിസഞ്ചി, തുണിത്തരങ്ങള്‍ ഉള്‍പ്പെടെ മൊബൈല്‍ യൂണിറ്റില്‍ നിന്ന് വാങ്ങാം.
പത്തനാപുരത്തു നിന്നും വാഹനം പുനലൂര്‍, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ വഴി സിവില്‍ സ്റ്റേഷന്‍ വരെ എത്തും.
(പി.ആര്‍.കെ നമ്പര്‍ 1801/2020)
- Log in to post comments