ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം
ജില്ലയിലെ മത്സ്യബന്ധനമുള്‍പ്പെടെ തൊഴില്‍മേഖലകളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന തൊഴിലുടമകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവായി. കോവിഡ് രോഗവ്യാപനം ഗുരുതരമായി തുടരുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്‍പ്പെടെയുള്ളവരെയാണ് ഇത്തരത്തില്‍ എത്തിക്കുന്നത്.
തൊഴിലുടമകള്‍ തൊഴിലാളികളുടെ പേര്, മേല്‍ വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അവരെ പാര്‍പ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടങ്ങളിലെ മുറികളുടെ എണ്ണം, മറ്റ് ശുചിമുറി സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഐ എസ് എച്ച് ഒ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി, ഹെല്‍ത്ത് സെന്ററുകളിലെ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് മുന്‍കൂട്ടി കൈമാറണം. ഇവയുടെ പകര്‍പ്പ് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്കും നല്‍കണം.
അതിര്‍ത്തി മുതല്‍ 14 ദിവസ നിര്‍ബന്ധിത നിരീക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്ന കെട്ടിടംവരെ തൊഴിലുടമ പ്രത്യേക വാഹനം ഏര്‍പ്പാടാക്കണം.
തൊഴിലാളികള്‍ പുറത്തു കടന്നാല്‍ പൂര്‍ണ ഉത്തരവാദിത്വം തൊഴിലുടമക്കായിരിക്കും. തൊഴിലാളികള്‍ക്കാവശ്യമായ പരമാവധി ഭക്ഷ്യസാമഗ്രികള്‍ മുന്‍കൂട്ടി ശേഖരിച്ച് വയ്ക്കണം.
തൊഴിലാളികള്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ വിവരം ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലേക്ക് മറ്റാരും പ്രവേശിക്കുന്നില്ലായെന്ന് ഉറപ്പു വരുത്തണം.
മേല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിലേയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ദുരന്ത നിവാരണ നിയമത്തിലേയും വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.
(പി.ആര്‍.കെ നമ്പര്‍ 1848/2020)
- Log in to post comments