Skip to main content

ഭിന്നശേഷിക്കാര്‍ക്ക് തണലായി നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍

 

 

 

ഭിന്നശേഷിക്കാര്‍ക്ക് താങ്ങും തണലുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. വാര്‍ഡുകളിലെ ഭിന്നശേഷിക്കാരായ 23 പേര്‍ക്ക് സന്തോഷത്തിന്റെ വെളിച്ചം പകരുകയാണ് പഞ്ചായത്ത് ആരംഭിച്ച ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍. 

 

ഭിന്നശേഷിക്കാരിലെ സന്തോഷവും ആനന്ദവും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ   മൂന്നുവര്‍ഷം മുന്‍പാണ് താത്കാലിക കെട്ടിടത്തില്‍  ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചത്.  സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഉല്‍ഘാടനം ആഗസ്തില്‍ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എം.കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

 

ജില്ലാപഞ്ചായത്തിന്റെ 20 ലക്ഷം രൂപയും നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ചിലവിട്ടാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാരാണ് സെന്ററിലുള്ളത്. ഇവരുടെ മനസ്സറിഞ്ഞു കരുതലോടെ കൂട്ടിന് ഒരു അധ്യാപികയും ആയയും ഉണ്ട്. 

 തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ പിന്തുണയും ബഡ്സ് സ്‌കൂളിന്റ പ്രവര്‍ത്തന മികവിന് സഹായകമായി. കുട്ടികളെ സെന്ററില്‍ എത്തിക്കുന്നതിനായി ബസ്സും ഉപകരണങ്ങളും വാങ്ങാന്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപയും മന്ത്രി അനുവദിച്ചിരുന്നു.

 

 അധ്യാപകര്‍, ആയ എന്നിവരുടെ ശമ്പളം, ഭക്ഷണ വിതരണം, സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായി പഞ്ചായത്ത് വര്‍ഷം തോറും തുക മാറ്റിവെക്കുന്നുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി കുടുംബശ്രീ സിഡിഎസ് ഇടപെട്ട് കുട്ടികളും രക്ഷിതാക്കളും ചേര്‍ന്നുള്ള നാല് അയല്‍സഭകളും ബഡ്സ് സെന്ററില്‍ രൂപീകരിച്ചിട്ടുണ്ട്

 

date