Post Category
വെളളപ്പൊക്ക മുന്നൊരുക്കം: കാട്ടകാമ്പാലിൽ രണ്ട് കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു
കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിൽ വെളളപ്പൊക്ക സാധ്യത മുന്നിൽക്കണ്ട് ഒന്നാം വാർഡിലെ പാപ്പിരുത്തി പ്രദേശത്തുനിന്ന് രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. മഴ കനത്താൽ ആദ്യം വെള്ളം കയറുന്ന വീടുകളാണിവ. കാട്ടകാമ്പാൽ ഇ.എം.എൽ.പി. സ്‌കൂൾ, പെങ്ങാമുക്ക് ഹൈസ്‌കൂൾ, പഴഞ്ഞി എം.ഡി. കോളേജ് തുടങ്ങിയവയിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സദാനന്ദൻ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എം.എസ്. സുരേഖ, വാർഡ് അംഗങ്ങളായ ടി.എസ്. മണികണ്ഠൻ, പ്രഭിത വിശ്വൻ, പി.ജി. അർജുനൻ തുടങ്ങിയവർ വെളളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. പാപ്പിരുത്തി, സ്രായിൽ, അരുവായി ദേവി നഗർ തുടങ്ങിയ പ്രദേശങ്ങളിലും പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി.
date
- Log in to post comments