മഴക്കാല രോഗങ്ങള്‍ക്കെതിരെയും ജാഗ്രത വേണം
കോവിഡ് രോഗ പശ്ചാത്തലത്തില്‍ മഴക്കാലരോഗങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അറിയിച്ചു. മഴക്കാലം ശക്തിപ്രാപിച്ചതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ മഴക്കാലരോഗങ്ങള്‍ പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഡെങ്കിപ്പനി :
• കൊതുക് പെറ്റുപെരുകുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.
• വീടിന്റെ പരിസരങ്ങളിലെ കുപ്പികള്‍, പാത്രങ്ങള്‍, ചിരട്ടകള്‍, മുട്ടത്തോടുകള്‍, ചെടിച്ചട്ടികള്‍, വീടിന്റെ പാരപ്പറ്റുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം.
• ഫ്രിഡ്ജ് ട്രേ, കൂളര്‍ ട്രേ, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടി നിന്ന് കൊതുക് ലാര്‍വകള്‍ വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം.
• കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുക് വല, ഇതര കൊതുക് നശീകരണ ഉപാധികള്‍ ഉപയോഗിക്കണം.
• റബ്ബര്‍തോട്ടങ്ങളില്‍ ടാപ്പിങ് ഇല്ലാത്ത സമയത്ത് ചിരട്ടകള്‍ കമഴ്ത്തിവെക്കണം. കമുകിന്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്ന പാളകളില്‍ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകാന്‍ സാധ്യതയുള്ളതിനാല്‍ പാളകള്‍ കീറി ഇടുകയോ വള്ളിയില്‍ തൂക്കിയിടുകയോ ചെയ്യണം.
• വീടിന് പുറത്ത് വിറക്, കോഴിക്കൂട്, മറ്റ് ഷെഡുകള്‍ എന്നിവക്ക് മുകളില്‍ വിരിക്കുന്ന ടാര്‍പോളില്‍ ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ആവശ്യമായ സാഹചര്യങ്ങളില്‍ സ്‌പ്രേയിങ്, ഫോഗിങ് എന്നിവ ചെയ്യുക.
• ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈഡേ ആചരിക്കുക.
എലിപ്പനി
• പ്രധാനമായും എലിയുടെ മൂത്രത്തിലൂടെയാണ് രോഗം പകരുന്നത്. എലി മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.
• കാലുകളില്‍ മുറിവുകളുള്ളവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ ശരിയാം വിധമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ കഴിക്കണം. വെള്ളത്തില്‍ നിന്ന് കയറിയതിന് ശേഷം കാലുകള്‍ സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തില്‍ കഴുകണം.
• തൊഴിലുറപ്പ് ജോലിക്ക് പോകുന്നവരും കര്‍ഷകരും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ ഡോക്‌സിസൈക്ലിന്‍ പ്രതിരോധ ഗുളികകള്‍ കഴിക്കണം.
മഞ്ഞപ്പിത്തം
• തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
• മലവിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം.തണുത്തതും പഴകിയതും തുറന്ന് വെച്ചതുമായ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കണം.ആഹാരം കഴിക്കുന്നതിന് മുന്‍പും കുട്ടികള്‍ക്ക് നല്‍കുന്നതിന് മുന്‍പും കൈകള്‍ വൃത്തിയായി കഴുകണം. പാത്രങ്ങള്‍, സ്പൂണ്‍ മുതലായവ ചൂടുവെള്ളത്തില്‍ കഴുകുക.
• സ്വയം ചികിത്സ അപകടമാണ്. ശരിയായ വൈദ്യസഹായം തേടണം
- Log in to post comments