നെടുമങ്ങാട് ആശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തത്: മന്ത്രി ശൈലജ ടീച്ചര്‍
നാലര വര്‍ഷം കൊണ്ടു സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണു നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജനോപകാരപ്രദമായ രീതിയില്‍ ആശുപത്രിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ആശുപത്രി ശതാബ്ദി ആഘോഷത്തിന്റെയും പുതിയ ഐ.സി. യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്ഥലം എം.എല്‍.എയും നഗരസഭയും ജില്ലാ പഞ്ചായത്തും ഒന്നിച്ചുനിന്നു നടത്തിയ പ്രവര്‍ത്തനങ്ങളാണ് ആശുപത്രി വികസനം വേഗത്തിലാക്കിയതെന്നു മന്ത്രി പറഞ്ഞു. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ശതാബ്ദി സ്മാരകമായി ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന മൂന്നു നില മന്ദിരത്തിന്റെ ശിലാസ്ഥാപനം സഹകരണം - ദേവസ്വം - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് 1.6 കോടി രൂപ വിനിയോഗിച്ചു നിര്‍മിക്കുന്ന ഇരുനില മന്ദിരത്തിന്റെ ശിലാ സ്ഥാപനം സി. ദിവാകരന് എം.എല്‍.എ. നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പുതിയ വാര്‍ഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. നവീകരിച്ച കൊട്ടാരം വാര്‍ഡ് നെടുമങ്ങാട് മുന്‍സിപ്പല്‍ ചെയര്മാന് ചെറ്റച്ചല്‍ സഹദേവനും പാലിയേറ്റീവ് വാര്‍ഡ് ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയനും ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ച ആശുപത്രി ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു.
കഴിഞ്ഞ നാലര വര്‍ഷം കൊണ്ട് 12 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ മാത്രം ജില്ലാ പഞ്ചായത്ത് നടത്തിയത്. പുതിയ ഡയാലിസിസ്, ഐ.സി യൂണിറ്റുകള്‍, പുതിയ വാര്‍ഡുകള്‍, ക്യാന്‍സര്‍ കെയര്‍ സെന്റര്‍, നേത്ര രോഗ വിഭാഗം, ഓപ്പറേഷന് തീയേറ്ററും വാര്‍ഡും, പവര്‍ ലോണ്ട്രി, ഓട്ടോക്ലേവിനും വാര്‍ഡിനും വേണ്ടി നിര്‍മിച്ച ഇരുനില മന്ദിരം, മോര്‍ച്ചറി നവീകരണവും ഫ്രീസര്‍ സ്ഥാപിക്കലും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'സ്നേഹം' മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി നിരവധി വ്യകസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ നടന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി. രഞ്ജിത്ത്, നെടുമങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ബി. ബിജു, ഡി.എം.ഒ ഷിനു കെ.എസ്, ഡി.പി.എം അരുണ്‍ പി.വി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. വിജുമോഹന്‍, എല്‍.പി മായാദേവി, എസ്.എം. റാസി, വി. ശോഭകുമാര്‍, നെടുമങ്ങാട് മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ലേഖാ.എസ്, നെടുമങ്ങാട് മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഹരികേശന്‍ നായര്‍.പി, വാര്‍ഡ് കൗണ്‍സിലര്‍ ടി. അര്ജുനന്, എല്‍.എസ്.ജി.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി. ശോഭനകുമാരി എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കുകൊണ്ടു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
- Log in to post comments