Skip to main content

സംരംഭകര്‍ക്ക് തുണയായി മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതി: ആദ്യഘട്ടത്തില്‍ ജില്ലയില്‍ 20 യൂനിറ്റുകള്‍ക്ക് വായ്പ

മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതി പ്രകാരം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ മുഖേന ജില്ലയില്‍ വിതരണം ചെയ്യുന്നത് 1.70 കോടി രൂപയുടെ വായ്പ. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവര്‍, കുടുംബശ്രീ അംഗങ്ങള്‍, ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതിയിലൂടെ  സാമ്പത്തിക സഹായം നല്‍കുന്നത്. ജില്ലയില്‍ 20 യൂനിറ്റുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വായ്പ അനുവദിക്കുന്നത്.  ഏഴ് ശതമാനം പലിശ നിരക്കില്‍ സംരംഭത്തിന് അനുസരിച്ച് 50 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഈടും നല്‍കേണ്ട. പലിശയില്‍ മൂന്ന് ശതമാനത്തിന്റെ സബ്‌സിഡിയും ലഭിക്കും. സംസ്ഥാനത്ത് ഇത്തരത്തില്‍ 350 യൂനിറ്റുകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതിയിലൂടെ വായ്പ നല്‍കുന്നത്. അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അയ്യായിരം പുതിയ ഉല്‍പ്പാദക യൂനിറ്റുകള്‍ക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല ചെക്ക് കൈമാറല്‍ താനാളൂരില്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. കീര്‍ത്തി പപ്പട നിര്‍മ്മാണ യൂനിറ്റിനുള്ള ധനസഹായ രേഖയാണ് എം.എല്‍.എ കൈമാറിയത്. ചടങ്ങില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ ടി.പി നൗഷാദ് അധ്യക്ഷനായി. മുഖ്യമന്ത്രിയുടെ സംരഭകത്വ വികസന പദ്ധതി നോഡല്‍ ഓഫീസര്‍ അഡ്വ. എം.പി അഹമ്മദ് സഫീര്‍ സംസാരിച്ചു. മലപ്പുറം ബ്രാഞ്ച് ഓഫീസില്‍ സംഘടിപ്പിച്ച അനുമതി പത്ര വിതരണ ചടങ്ങില്‍ ലീഡ് ബ്രാഞ്ച് മാനേജര്‍ സുബ്രഹ്മണ്യന്‍, ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ ടി.പി നൗഷാദ്, ഓഫീസ് സ്റ്റാഫ് സോളമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date