Skip to main content

താഴെക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

താഴെക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി കെട്ടിട നിര്‍മാണത്തിന് തറക്കല്ലിട്ടു. മഞ്ഞളാംകുഴി അലി എം.എല്‍.എ ശിലാസ്ഥാപനം നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടല്‍ നിന്ന്  50 ലക്ഷം രൂപയും പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് നാല് ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

പ്രതിദിനം മൂന്നൂറിലധികം രോഗികള്‍ ചികിത്സയ്‌ക്കെത്തുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് വരെ നാല് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. നിലവിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തോട് ചേര്‍ന്ന് സൗജന്യമായി ലഭിച്ച 90 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഫാര്‍മസി, ലാബ്, ഡോക്ടര്‍മാര്‍ക്കുള്ള മുറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കുള്ള മുറി, ഓഫീസ്,     രോഗികള്‍ക്കുള്ള വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങളോടൊപ്പം വനിതാ ശിശുസൗഹൃദ രീതിയിലാണ് കെട്ടിടം നിര്‍മിക്കുന്നത്.  കെട്ടിടവും അനുബന്ധ സൗകര്യങ്ങളും യാഥാര്‍ഥ്യമാകുന്നതോടെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം  പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാകും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി തെക്കേക്കര ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.കെ.ഹംസ മാസ്റ്റര്‍, പി.ടി.ഖാലിദ് മാസ്റ്റര്‍, വി.പി. റഷീദ് മാസ്റ്റര്‍, പി.ടി.സിദ്ദീഖ്, ഡോ. ഹഷിയത്തുള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.ടി.മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

date