Skip to main content
Subhiksha Idukki

ഇടുക്കി ജില്ലയില്‍ സുഭിക്ഷ കേരളം മുന്നോട്ട്

കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉല്പാദനം വര്‍ദ്ധിപ്പിക്കുവാനും  അതുവഴി തൊഴിലും വരുമാനവും  സംരംഭങ്ങളും സൃഷ്ടിക്കുന്നതിനുമായി ലക്ഷ്യമിട്ട് ആരംഭിച്ചിട്ടുളള സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ഇടുക്കി ജില്ലയില്‍ 1642.21 ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു.
 ഏകദേശം 2713 കര്‍ഷകരാണ് ഈ പദ്ധതിയില്‍ അംഗങ്ങളായിട്ടുളളത്.  സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് 228 ഓളം പ്രോജക്ടുകള്‍ പഞ്ചായത്തു തലത്തില്‍  തയ്യാറാക്കുകയും അംഗീകാരം വാങ്ങുകയും ചെയ്തിട്ടുണ്ട്.  കൂടാതെ  'ആത്മ'   പദ്ധതി പ്രകാരം 1506 പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുകയും നടപ്പിലാക്കി വരുകയും ചെയ്തു വരുന്നു.  
 സുഭിക്ഷകേരളം പദ്ധതിയിലൂടെ 225 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ കൃഷിഭവന്‍ തലത്തില്‍ സ്വീകരിക്കുകയും ശുപാര്‍ശ ചെയ്ത് അനുബന്ധ ബാങ്കുകളിലേയ്ക്ക് കര്‍ഷകര്‍ക്ക്  വായ്പ അനുവദിക്കുന്നതിനായി നല്‍കുകയും ചെയ്തിട്ടുണ്ട്.
  ഒരു കോടി ഫലവൃക്ഷതൈകള്‍ വിതരണപദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 2,30,000 തൈകളും, രണ്ടാം ഘട്ടത്തില്‍ 1,63,940 ഫലവൃക്ഷ തൈകളും വിവിധ ഏജന്‍സികള്‍ വഴി ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കഴിഞ്ഞു.
 സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും ജനങ്ങള്‍ക്ക് ഗുണമേന്‍മയുള്ള തദ്ദേശീയമായ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കുന്നതിനുമായി ജില്ലയില്‍ കര്‍ഷകവിപണികള്‍ തയ്യാറായി വരുകയാണ്. ജില്ലയില്‍ കാര്‍ഷിക സംസ്‌കരണ വിപണന സാധ്യതകള്‍ ഏകോപിപ്പിക്കുന്നതിനുള്ള സംവിധാനമാണ്  ജില്ലാ കാര്‍ഷിക വിപണി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയിലുണ്ടാകുന്ന കാര്‍ഷികോല്‍പ്പാദന വര്‍ദ്ധനവ് കണക്കിലെടുത്താണ് സംഭരണ, വിപണന, സംസ്‌കരണ കേന്ദ്രങ്ങളുടെ ആവശ്യകത.
എല്ലാ നഗരസഭ / ഗ്രാമപഞ്ചായത്തുകളിലും കര്‍ഷകവിപണി ഒരുക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് വില്ക്കുവാനാകും. ഓരോ പ്രദേശത്തുമുള്ള സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ മേഖലയിലുള്ള ഏത് വിപണിക്കും ഇതിന്റെ ഭാഗമാകാം. ജില്ലയിലെ ഇക്കോ ഷോപ്പുകളും കുടുംബശ്രീ മാര്‍ക്കറ്റുകളും ഇതില്‍ പ്രയോജനപ്പെടുത്തും.
 

date