Skip to main content

ശൈശവ വിവാഹം തടയാൻ വനിതാ ശിശു വികസന കോർപ്പറേഷന്റെ പൊൻവാക്ക് പദ്ധതി

ponvakku

ശൈശവ വിവാഹം സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങൾ വളരെ വലുതാണ്. അതിനാൽതന്നെ ശൈശവ വിവാഹം തടയുക എന്നത് ഓരോ പൗരന്റെയും കടമ കൂടിയാണ്. 


നിലവിൽ സംസ്ഥാനത്ത്  258 ശൈശവവിവാഹ നിരോധന ഓഫീസർമാർ പ്രവർത്തിക്കുമ്പോഴും സമയബന്ധിതമായി ശൈശവവിവാഹത്തെകുറിച്ചുള്ള അറിയിപ്പോ വിവരമോ ലഭിക്കാത്തതിനാൽ ശൈശവവിവാഹങ്ങൾ ചിലപ്പോഴെങ്കിലും തടയാൻ പറ്റാത്ത സാഹചര്യം നിലനിൽക്കുന്നു. അതിനായുള്ള വനിതാ ശിശു വികസന കോർപ്പറേഷന്റെ പദ്ധതിയാണ് പൊൻവാക്ക്. ശൈശവവിവാഹം തടയുന്നതിന്റെ ഭാഗമായി വിവരം നൽകുന്ന വ്യക്തിക്ക് ഇൻസെന്റീവ് നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതി പ്രകാരം ശൈശവവിവാഹം തടയാൻ ആവശ്യമായ വിവരം നൽകുന്ന വ്യക്തിക്ക്  2500  രൂപ ഇൻസെന്റീവ് ആയി ലഭിക്കും. വിവരം നൽകുന്ന വ്യക്തിയുടെ പേരും തിരിച്ചറിയത്തക്ക വിവരങ്ങളും പരസ്യപ്പെടുത്തുകയോ വിവരാവകാശനിയമപ്രകാരം നൽകുകയോ ചെയ്യുന്നതല്ല എന്നതും ഇതിന്റെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുന്നു.
 
ഇനി വിവരങ്ങൾ അറിയിക്കേണ്ടത് എങ്ങനെ, അല്ലെങ്കിൽ ആരെയൊക്ക ആണെന്ന് നോക്കാം. വിവരങ്ങൾ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ശൈശവ വിവാഹ നിരോധന ഓഫീസർ സമക്ഷമോ, അതതു ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസറുടെ ഫോണിലേക്കോ,  ponvakkuwcd@gmail.com എന്ന ഇമെയിലിലേയ്‌ക്കോ അയക്കാവുന്നതാണ്. നൽകുന്ന വിവരത്തൽ കുട്ടിയുടെ പേര്, രക്ഷാകർത്താവിന്റെ പേര് , മേൽവിലാസം അല്ലെങ്കില് വ്യക്തമായി തിരിച്ചറിയാൻ പര്യാപ്തമായ മറ്റു വിവരങ്ങൾ എന്നിവ ഉണ്ടായിരിക്കണം.

ഇൻസന്റീവ് നൽകുന്നതിന് ചില നിബന്ധനകൾ പറയുന്നുണ്ട്. വിവാഹം നടക്കുന്നതിനുമുമ്പേ നൽകുന്ന വിവരത്തിനാണ് ഇൻസെന്റീവ് നൽകുന്നത്. അതായത് വിവാഹം കഴിഞ്ഞിട്ടാണ് വിവരം നൽകുന്നത് എങ്കിൽ ഇൻസെന്റീവിന് അർഹത ഉണ്ടായിരിക്കില്ല. ഒരു ശൈശവവിവാഹത്തെകുറിച്ച് ഒന്നിലധികം വ്യത്യസ്ത വ്യക്തികളിൽനിന്നും വിവരങ്ങൾ ലഭിച്ചാൽ ആദ്യം വിവരം നൽകുന്ന വ്യക്തിക്കായിരിക്കും പാരിതോഷികത്തിന് അർഹത. പാരിതോഷിക തുക വിവരം നൽകുന്ന വ്യക്തിക്ക് മണിഓർഡർ ആയോ ബാങ്ക് അക്കൗണ്ട് വഴിയോ ആയിരിക്കും നൽകുക. അതുപോലെതന്നെ പേരും മേൽവിലാസവും ഇല്ലാത്ത പരാതിയാണെങ്കിലും സമയബന്ധിതമായി അന്വേഷിക്കും. എന്നാൽ പരാതിക്കാരനെ കണ്ടെത്തി പാരിതോഷികം നൽകുന്നതല്ല.

ഓരോ ജില്ലകളിലും അതത് ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസർമാരെയാണ് ശൈശവ വിവാഹം സമ്പന്ധമായ വിവരങ്ങൾ അറിയിക്കേണ്ടത്.

അറിയിക്കേണ്ട ജില്ലാ വനിതാ ശിശുവികസന പദ്ധതി ഓഫീസർമാരുടെ ഫോൺ നമ്പറുകൾ അനുബന്ധമായി കൊടുത്തിരിക്കുന്നു. 

തിരുവനതപുരം- 94464 48106, കൊല്ലം-91889 69202, പത്തനംതിട്ട -98957 00126, ആലപ്പുഴ- 94477 60885, കോട്ടയം- 73568 01553, ഇടുക്കി- 98467 89239, എറണാകുളം- 94478 90661, ത്യശ്ശൂർ- 944645 3235, പാലക്കാട്- 91889 69209, മലപ്പുറം- 94479 47304, കോഴിക്കോട്- 82815 41754, കണ്ണൂര് -94466 73447, വയനാട്- 94957 36892, കാസർഗോഡ്- 98479 22898.
 
ഓർക്കുക ഓരോ ശൈശവ വിവാഹവും തടയുമ്പോൾ നമ്മൾ ചെയ്യുന്നത് അത്രയേറെ സമൂഹത്തിൽ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്.