Skip to main content
ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ -അവലോകന യോഗം ചേര്‍ന്നു

 

ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും മഴക്കാലപൂര്‍വ്വ ശുചീകരണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ പറഞ്ഞു.

തോടുകള്‍, ജല സ്രോതസ്സുകള്‍ എന്നിവയുടെ നീരൊഴുക്കിനെ തടസപ്പെടുത്തുന്നവ നീക്കം ചെയ്യണം. കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണം. വീഴാറായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ കണ്ടെത്തി പുനഃസ്ഥാപിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങളും കലക്ടര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവ പരിചയങ്ങളില്‍ നിന്നുകൊണ്ട് തദ്ദേശസ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ കാര്യത്തിലും മറ്റ് കാലവര്‍ഷ മുന്നൊരുക്ക പ്രവര്‍ത്തനത്തിലും ജാഗ്രത പുലര്‍ത്തണം. കിണറുകളുടെ ക്ലോറിനേഷന്‍ ഉറപ്പാക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അടിയന്തരമായി സ്വീകരിക്കുകയും വേണം. മുഴുവന്‍ ഓടകളും വൃത്തിയാക്കി എന്ന് ഉറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീര്‍ച്ചാലുകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവയുടെ വൃത്തിയാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. 

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഡി ഡി സി എം.എസ് മാധവിക്കുട്ടി, സബ് കലക്ടര്‍ വി ചെല്‍സാസിനി, ഡെപ്യൂട്ടി കലക്ടര്‍ ഇ.അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date