Skip to main content

അനധികൃത ഖനനം; പരാതി അറിയിക്കാം 

 

 

 

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സെപ്റ്റംബര്‍ 8 മുതല്‍ 15 വരെ തുടര്‍ച്ചയായി അവധി വരുന്ന സാഹചര്യത്തില്‍ അനധികൃത ഖനനം, നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍, അനധികൃത മണലെടുപ്പ് എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അതാത് താലൂക്കുകളിലെ സ്‌ക്വാഡുകളെയും ജില്ലാതല സ്‌ക്വാഡിനെയും അറിയിക്കാം കോഴിക്കോട് താലൂക്ക് -0495 237296, വടകര താലൂക്ക് -0496 2522361, കൊയിലാണ്ടി താലൂക്ക് -0496 2620235, താമരശ്ശേരി താലൂക്ക് -04956 2223088, ജില്ലാ സ്‌ക്വാഡ് -0495 2370518. പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, ജിയോളജിസ്റ്റ് എന്നിവരെയും പരാതികള്‍ അറിയിക്കാമെന്ന് ഡപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) അറിയിച്ചു.  

 

 

 അതിജീവനത്തിന് ഊര്‍ജ്ജം പകരാന്‍;

ഓണാഘോഷ പരിപാടികള്‍ക്ക്

തിങ്കളാഴ്ച തിരിതെളിയും

 

 

 പ്രളയം വിതച്ച ദുരിതങ്ങളെയും സങ്കടങ്ങളെയും മറന്ന് അതിജീവനത്തിന് കരുത്ത് പകരാന്‍ ജില്ലയിലെ ഓണാഘോഷ പരിപാടികള്‍ നാല് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് നടത്തുന്ന ഈ വര്‍ഷത്തെ ഓണാഘോഷം സെപ്തംബര്‍ 9,10,11,12 തിയ്യതികളിലാാണ് നടക്കുന്നത്.  അഞ്ച്  വേദികളിലായാണ് ആഘോഷ പരിപാടികള്‍. ടാഗോര്‍ ഹാളാണ് പ്രധാന വേദി. ടൗണ്‍ഹാള്‍, മാനാഞ്ചിറ, ബിഇഎം, കുറ്റിച്ചിറ എന്നിവയാണ് മറ്റു വേദികള്‍. നഗരത്തിനു പുറമെ വടകര സാന്റ് ബാങ്ക്‌സ്,  അകലാപ്പുഴ, അത്തോളി എന്നിവിടങ്ങളിലും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഓണാഘോഷ പരിപാടികള്‍ ഉണ്ടാവും. ജലോത്സവവും, കലാ - സാംസ്‌കാരിക പരിപാടികളുമാണ് ഇവിടങ്ങളില്‍ അരങ്ങേറുക. അകലാപ്പുഴയില്‍ 13 നും അത്തോളിയില്‍ 15 നുമാണ് പരിപാടികള്‍ നടത്തുക.

 

സെപ്തംബര്‍ ഒമ്പതിന് മുഖ്യ വേദിയായ ടാഗോര്‍ ഹാളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തിരിതെളിയും. ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.  എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗാന രചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും. എം.പിമാരായ എം.കെ. രാഘവന്‍, എളമരം കരീം, എം.പി വീരേന്ദ്ര കുമാര്‍ ജില്ലയിലെ മറ്റ് എംഎല്‍എമാര്‍,  കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.  

 

 ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത നര്‍ത്തകിയും ചലച്ചിത്ര താരവുമായ ആശാശരത്തും 40 കലാകാരന്മാരുമൊരുക്കുന്ന 'ദേവ ഭൂമിക'  സംഗീത ശില്‍പ്പം അരങ്ങേറും. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ സമന്വയിക്കുന്ന  സംഗീത ശില്‍പ്പത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ദൃശ്യാവിഷ്‌കാരം നല്‍കിയത് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ് കുമാറുമാണ്. പ്രശസ്ത സംഗീത സംവിധായകന്‍ രമേഷ് നാരായണനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.  

 

ഓണാഘോഷത്തിന്റെ ഭാഗമായുള്ള നാടകങ്ങള്‍ അരങ്ങേറുന്നത് ടൗണ്‍ഹാളിലാണ്. സെപ്തംബര്‍ ഒമ്പതിന് കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ എന്ന നാടകത്തോടെ അരങ്ങുണരും. 10ന് ബ്രഹ്മ വള്ളുവനാടിന്റെ  'പാട്ടു പാടുന്ന വെള്ളായി',  11ന് സങ്കീര്‍ത്തന കോഴിക്കോടിന്റെ 'വേനലവധി' , 12ന് കാദംബരി കലാക്ഷേത്രയുടെ 'യക്ഷനാരി'  എന്നീ നാടകങ്ങള്‍ അരങ്ങേറും.

 

ഉദ്ഘാടന ദിവസം മാനാഞ്ചിറയിലെ വേദിയില്‍ കളരിപ്പയറ്റ് പ്രദര്‍ശനം, പഞ്ചാരിമേളം, നാട്ടരങ്ങ് എന്നിവ നടക്കും. 10ന് ടാഗോര്‍ ഹാള്‍ സൂഫി സംഗീതത്താല്‍ ധന്യമാകും. ഷമീം ബിന്‍സി ഇമാം മജ്ബൂര്‍ ഒരുക്കുന്ന 'മെഹഫില്‍ രാത്ത്'  വൈകിട്ട് ആറിന് ആരംഭിക്കും. 10ന് വൈകിട്ട് മൂന്നിന് മാനാഞ്ചിറയില്‍ സെലിബ്രിറ്റി കമ്പവലി നടക്കും. തുടര്‍ന്ന്  വേദിയില്‍ കരാട്ടെ പ്രദര്‍ശനം , ഗോത്രപ്പൊലിമ എന്നിവ അരങ്ങേറും. ബിഇഎം സ്‌കൂളില്‍ 10ന് പൂക്കള മത്സരമാണ്. രാവിലെ ഒമ്പതിന് ആരംഭിക്കും.

 

11ന് വൈകിട്ട് ആറിന് ടാഗോള്‍ഹാളില്‍ മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍  കോ - ഓപ് സൊസൈറ്റിയുടെ ഗാനമേള അരങ്ങേറും.  മാനാഞ്ചിറയിലെ വേദിയില്‍ വുഷു പ്രദര്‍ശനം, കരകാട്ടം, കാവടിയാട്ടം, നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കരണവും എന്നിവ നടക്കും. 11 മുതലാണ് കുറ്റിച്ചറിയിലെ വേദി ഉണരുക. 11, 12 തിയ്യതികളില്‍ വൈകിട്ട് ഏഴിന് ഇവിടെ ഗാനമേള അരങ്ങേറും. 12ന് വൈകിട്ട് ആറിന് ടാഗോര്‍ ഹാളില്‍ ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന നൃത്തോത്സവം അരങ്ങേറും. ഇതേദിവസം മാനാഞ്ചിറയില്‍ യോഗ, കുങ്ഫു പ്രദര്‍ശനം, കോല്‍ക്കളി, ഇശല്‍ തേന്‍കണം ഗാനനന്ധ്യ എന്നിവ നടക്കും.

 

സെപ്തംബര്‍ 9, 10 തിയതികളില്‍ മജിഷ്യന്‍ പ്രദീപ് ഹുഡിനോ അവതരിപ്പിക്കുന്ന വണ്ടര്‍ ഓണ്‍വീല്‍സ് ജില്ലയിലെ എട്ട്കേന്ദ്രങ്ങളില്‍ അരങ്ങേറും. ടാഗോര്‍ഹാള്‍, കോഴിക്കോട് ബീച്ച്, കടലുണ്ടി, ഒളവണ്ണ, വടകര, കൊയിലാണ്ടി, താമരശേരി, മുക്കം എന്നീ കേന്ദ്രങ്ങളിലാണ് പ്രദര്‍ശനം നടക്കുക. ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി നടത്തുന്ന ഓണസദ്യ 10ന് ടാഗോര്‍ഹാളില്‍ ഒരുക്കും. 

 

വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എസ് അജിത്കുമാര്‍, ഡിടിപിസി സെക്രട്ടറി  സി പി ബീന, ജില്ലാ എക്സിക്യുട്ടീവ് അംഗം എസ് കെ സജീഷ് എന്നിവര്‍ പങ്കെടുത്തു.

date