Skip to main content

ക്രാഡില്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി പദ്ധതി സംസ്ഥാനവ്യാപകമാക്കുന്ന കാര്യം പരിഗണിക്കും -മന്ത്രി ടി.പി രാമകൃഷ്ണന്‍ 

 

 

 

അംഗന്‍വാടികള്‍ക്ക് ആധുനിക മുഖം നല്‍കി വനിത-ശിശുക്ഷേമ പദ്ധതികള്‍ ഒരേ കുടക്കീഴിലാക്കാന്‍ ജില്ലയില്‍ നടപ്പാക്കുന്ന ക്രാഡില്‍ പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. അറിവ്, ആരോഗ്യം, സാമൂഹ്യ പ്രതിബദ്ധത എന്നിവയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ അംഗന്‍വാടികള്‍ക്കുള്ള പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ 'ദ ക്രാഡില്‍' ന്റെ  ജില്ലാതല ഉദ്ഘാടനം കാക്കൂര്‍ പഞ്ചായത്തിലെ  പി സി.പാലം യു പി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

 

കുട്ടികളെ മറ്റുള്ളവരെ ഏല്‍പ്പിച്ച് അസ്വസ്ഥമായ മനസോടെ തൊഴിലിടങ്ങളിലേക്ക് പോകുന്ന നിരവധി രക്ഷിതാക്കളുണ്ട്. ആശങ്കയില്ലാതെ ഇവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍ അംഗന്‍വാടികള്‍ക്ക് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തില്‍ കേരളം കൈവരിച്ച മുന്നേറ്റത്തിലും അംഗന്‍വാടികളുടെ പിന്തുണ ഏറെയുണ്ട്. നല്ല അംഗന്‍വാടി- നല്ല കുട്ടികള്‍ -നല്ല നാട് എന്ന സന്ദേശം ഉയര്‍ത്തുന്ന ക്രാഡില്‍ പദ്ധതി എന്തു കൊണ്ടും മറ്റു ജില്ലകള്‍ക്കും മാതൃകയാക്കാവുന്നതാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ക്രാഡില്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സ്‌നേഹവലയത്തില്‍ സുരക്ഷിതരായിരിക്കേണ്ട കുട്ടികളുടെ ബുദ്ധിവികാസത്തേയും വളര്‍ച്ചയെയും പദ്ധതി ഏറെ സഹായിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ഏതു പ്രതിസന്ധി ഘട്ടങ്ങളിലും സുശക്തമായ പൊതു ആരോഗ്യവും ഉന്നതമായ സാമൂഹ്യബോധവും കേരളത്തെ മുന്നേറാന്‍ സഹായിച്ചിട്ടുണ്ട്. പരിഷ്‌കരിച്ച അംഗന്‍വാടി നാടിന്റെ സ്വത്തായി പരിഗണിച്ച് സംരക്ഷിക്കണമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനപിന്തുണ ഉണ്ടാകണം.  രാജ്യത്തിന് മുന്നില്‍ കേരളം വയ്ക്കുന്ന മറ്റൊരു മികച്ച മാതൃകയാവും ക്രാഡില്‍ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പദ്ധതിയുടെ ബ്രോഷര്‍, പ്രീ സ്‌കൂള്‍ പുസ്തകം എന്നിവയുടെ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റിന് നല്‍കി മന്ത്രി നിര്‍വഹിച്ചു. 

 

ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു അംഗന്‍വാടി ചേമഞ്ചേരിയില്‍ നിര്‍മിച്ചു വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു. എല്ലാ അംഗന്‍വാടികളും കാലഘട്ടത്തിനനുസരിച്ച് നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകലക്ടര്‍ സീറാം സാമ്പശിവ റാവു, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല, തുടങ്ങിയവര്‍ സംസാരിച്ചു. വനിതാശിശുവികസന വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജര്‍ ടി ഹഫ്‌സത്ത് പദ്ധതി വിശദീകരിച്ചു. 

 

ഐസിഡിഎസ് സേവനങ്ങളെ സമഗ്രമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ  വനിതശിശുവികസന വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടപ്പാക്കുന്നപദ്ധതിയാണ് ദ ക്രാഡില്‍ (The Cradle) അങ്കണവാടികളിലെ  കുട്ടികള്‍ക്കുള്ള  ഭക്ഷണം, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള സേവനങ്ങള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, എന്നിവര്‍ക്കുള്ള സേവനം, ശിശുവളര്‍ച്ചാ നിരീക്ഷണം, സ്ത്രീകള്‍ക്കുള്ള നിയമസഹായങ്ങള്‍, രക്ഷാകര്‍ത്താക്കള്‍ക്കുള്ള സേവനങ്ങള്‍ എന്നിവ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്താനാണ് പദ്ധതിയിലൂടെ  ലക്ഷ്യമിടുന്നത്.  ഇംഹാന്‍സ്, ആരോഗ്യവകുപ്പ്, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വിദഗ്ദ ഡോക്ടര്‍മാര്‍, എന്‍.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയില്‍ 10 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. 

 

 

 

വാര്‍ദ്ധ്ക്യം ആഘോഷമാക്കാന്‍ സായംപ്രഭാഹോം 9 ന് തുറക്കും 

 

 

 

പകല്‍ സമയങ്ങളില്‍ നേരിടേണ്ടിവരുന്ന ഒറ്റപ്പെടലുകളില്‍ നിന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മോചനം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്ന സായംപ്രഭാ ഹോമുകള്‍ക്ക് ജില്ലയിലും തുടക്കമാവുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍  ചെങ്ങോട്ട്കാവ് പഞ്ചായത്തില്‍ ആരംഭിച്ച ആശ്രയ സായംപ്രഭാഹോം നാളെ (സപ്തംബര്‍ 9) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൗരന്‍മാര്‍ വീടുകളില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലുകള്‍ അവസാനിപ്പിക്കുക, പോഷക സമ്പുഷ്ടമായ ആഹാരം നല്‍കുക, മാനസികോല്ലോസ പരിപാടികള്‍, സമപ്രായക്കാരുമായി ഇടപെടാന്‍ അവസരമൊരുക്കുക, കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുക, നിയമ സഹായം മെഡിറ്റേഷന്‍ എന്നിവ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയാണ് സായംപ്രഭാ ഹോമുകളുടെ ലക്ഷ്യം. 

 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുളളികരുണാകരന്‍, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാലിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് മെമ്പര്‍ പുഷ്പ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബമുംതാസ് എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. 

 

 

 

അപേക്ഷ ക്ഷണിച്ചു

 

 

 

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട്് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ.് എന്നിവ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്ത ലൈസന്‍സുളള ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് മുന്‍ഗണന. അപേക്ഷാ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര ബേപ്പൂര്‍ എന്നീ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ  സപ്തംബര്‍ 20 ന് അഞ്ച് മണിക്കകം വടകര, കൊയിലാണ്ടി, ബേപ്പൂര്‍ എന്നീ മത്സ്യഭവനുകള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റഹില്‍ എന്നിവിടങ്ങളില്‍ സ്വീകരിക്കും.  ഫോണ്‍ 0495 2383780.

 

 

 

അഭയകിരണം : അപേക്ഷ ക്ഷണിച്ചു

 

 

സ്വന്തമായി താമസിക്കുന്നതിന് സൌകര്യമില്ലാതെ ബന്ധുക്കളുടെ ആശ്രയത്തില്‍ കഴിയുന്ന,  50 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളെ സംരക്ഷിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ നിരക്കില്‍ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ അല്ലാത്ത വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്. വിധവകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവാന്‍ പാടില്ല. വിധവകളെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ സാമൂഹ്യനീതി നടപ്പിലാക്കുന്ന മറ്റു ധനസഹായങ്ങളോ (ആശ്വാസകിരണം, സമാശ്വാസം) ലഭിക്കുന്നവരായിരിക്കരുത്. തൊട്ടടുത്തുള്ള അങ്കണവാടിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം സെപ്തംബര്‍ 30 നകം അപേക്ഷ നല്‍കണം. 

 

 

 

ഹരിത നിയമാവലി ക്യാമ്പയിന്‍: ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

 

 

 

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരളം മിഷനും കിലയും സംയുക്തമായി വാര്‍ഡ് തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. കുന്നമംഗലം  ബ്ലോക്ക് ഹാളില്‍ നടന്ന പരിശീലനത്തില്‍ കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.പി രത്‌നകരന്‍ ഹരിത നിയമം നടപ്പിലാക്കേണ്ടിതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തു. ജലമലിനീകരണത്തിനെതിരെയുള്ള നിയമങ്ങളും, ഹരിതനിയമാവലി ക്യാമ്പയിന്റെ പ്രസക്തിയെക്കുറിച്ചും ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് വിശദീകരിച്ചു.  തുടര്‍ന്ന് ശുചിത്വം - മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും കേരള പഞ്ചായത്ത് രാജ് നിയമവും എന്ന വിഷയത്തില്‍  കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാര്‍ക്ക് അനില്‍കുമാര്‍  സംസാരിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പോലീസ് നിയമങ്ങളെക്കുറിച്ച്  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിഷ.സി.കെ സംസരിച്ചു. 

 

പരിസ്ഥിതി സംരക്ഷണ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും എന്ന വിഷയത്തില്‍ പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അസി.സെക്രട്ടറി ബിനു.ടി  സംസാരിച്ചു. ശുചിത്വം - മാലിന്യ സംസ്‌കരണവും പൊതുജനാരോഗ്യ നിയമങ്ങള്‍ എന്ന വിഷയത്തില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ്ബാബു, തദ്ദേശഭരണ സ്ഥാപന കാമ്പയിന്‍ ആസൂത്രണത്തെക്കുറിച്ചും  വാര്‍ഡ് തല പരിശീലനത്തിനു വേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചും  ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രാജേഷ്.കെ വിശദീകരിച്ചു. 

 

പന്തലായനി ബ്ലോക്ക് തല പരിശീലനം പന്തലായനി   വ്യവസായ വനിതാ വിപണന കേന്ദ്രം  ഹാളില്‍ നടന്നു. മാലിന്യ സംസ്‌കരണവും കേരള പഞ്ചായത്തീ രാജ് നിയമവും ശുചിത്വ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ എന്നിവ കില ഫാക്കല്‍റ്റി വിജയ കുമാര്‍ സി. കെ വിശദീകരിച്ചു. ജില്ലാ  മലിനീകരണ നിയന്ത്രണ ബോര്‍ഡ്  അസിസ്റ്റന്റ് എന്‍വയന്‍മെന്റല്‍ എഞ്ചിനീയര്‍ സ്മിത. സി.വി  പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധച്ചട്ടങ്ങളും വിശദീകരിച്ചു. ജലമലിനീകരണത്തിനെതിരെയുള്ള നിയമങ്ങളെക്കുറിച്ച് ഹരിതകേരളം ജില്ലാ മിഷന്‍  കോര്‍ഡിനേറ്റര്‍ പി പ്രകാശ് സംസാരിച്ചു, തിരുവങ്ങൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. കെ. ശശി  ഭക്ഷ്യ സുരക്ഷ  നിയമത്തെകുറിച്ചു  ക്ലാസെടുത്തു. 

 

വടകര കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സാബു. പി.എം  പോലീസുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തു. തുടര്‍ന്ന് വാര്‍ഡ് തല പരിശീലന പരിപാടികള്‍, വ്യാപാരി വ്യവസായികള്‍ക്കുള്ള ശില്പശാല, ഒക്ടോബര്‍ 2 ന് ഹരിതനിയമാവലി നടപ്പിലാക്കല്‍ പ്രഖ്യാപനം എന്നിവയുടെ ആസൂത്രണവും നടന്നു. കില സെന്റര്‍ കോര്‍ഡിനേറ്റര്‍ ബാലകൃഷ്ണന്‍  കെ. വി,  നിരജ്ജന എം.പി എന്നിവര്‍ സംസാരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള നല്ല  ജനപങ്കാളിതം പരിപാടിയെ ശ്രദ്ധേയമാക്കി.

 

 

 

അപേക്ഷ ക്ഷണിച്ചു

 

 

കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ എം.കെ.എസ്.പി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - വി.എച്ച്.എസ്.സി(അഗ്രികള്‍ച്ചര്‍/ലൈവ്‌സ്റ്റോക്ക്). അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗം ആവണം. ഫീല്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്കും യാത്ര ചെയ്യുന്നതിനും പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവരുമായിരിക്കണം. താല്‍പര്യമുളളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 17 ന് രാവിലെ 11 മണിക്ക് സിവില്‍സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ - 0495 2373066.

 

 

 

പുനര്‍ വാഹന ലേലം

 

 

കോഴിക്കോട് ജില്ലാ വെറ്ററിനറി ക്യാമ്പസിലുളള ആനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് ഓഫീസിലെ മഹീന്ദ്ര അര്‍മ്മദ ജീപ്പ് ഓഫീസ് പരിസരത്ത് സെപ്തംബര്‍ 25 ന് രാവിലെ 11 മണിക്ക് പുനര്‍ ലേലം ചെയ്യും. ഫോണ്‍ - 0495 2762050.

 

 

 

അപേക്ഷ ക്ഷണിച്ചു

 

 

ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, എസ്.സി.യുവതികള്‍ക്ക് വാദ്യോപകരണം, എസ്.സി. യുവതികള്‍ക്ക് ഓട്ടോറിക്ഷ, സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ മുഖേന മത്സര പരീക്ഷയ്ക്കുള്ള പരിശീലനം, എസ്.സി യുവതികള്‍ക്ക്  സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ മുഖേന തൊഴില്‍ പരിശീലനം എന്നീ പ്രൊജക്ടുകളിലേക്ക് ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍ ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്:- 04952370379.

 

 

 

ഓണം സ്‌പെഷന്‍ സ്‌ക്വാഡ് റെയ്ഡ് നടത്തി

 

 

ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്  ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് രണ്ട് ദിവസങ്ങളിലായി ഓര്‍ക്കട്ടേരി, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ഹോട്ടലുകള്‍, പച്ചക്കറി സ്റ്റാളുകള്‍, ഫാസ്റ്റ്ഫുഡ് കടകള്‍, മല്‍സ്യ മാംസ വിപണന  സ്റ്റാളുകള്‍ എന്നിവടങ്ങളില്‍ റെയ്ഡ് നടത്തി.  താലൂക്ക് സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ ഭക്ഷ്യ സുരക്ഷ, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ എന്നിവര്‍ പങ്കെടുത്തു. 

 

ഓര്‍ക്കേട്ടേരിയില്‍ സിക്സ്റ്റി ഫൈവ് എക്‌സ്പ്രസ്സ് മീല്‍സ് എന്ന  ഫാസ്റ്റ് ഫുഡ് കടയില്‍ നിന്നും  അനുവദനീയമല്ലാത്ത കളറുകളും മറ്റ് രാസവസ്തുക്കളും ചേര്‍ത്ത  20 കിലോ, പാചകത്തിന് തയ്യാറാക്കിയ കോഴി ഇറച്ചി സ്‌ക്വാഡ് കണ്ടെത്തി നശിപ്പിച്ചു. ഓര്‍ക്കേട്ടേരിയില്‍ നവ്യ ഹോട്ടലില്‍ നിന്നും അനുവദനീയമല്ലാത്ത കളറുകള്‍ ചേര്‍ത്ത എണ്ണ പലഹാരങ്ങള്‍  നീക്കം ചെയ്തു.  കൂടാതെ ഒന്‍പതോളം കടകളില്‍ വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്തതിനും നോട്ടീസ് നല്‍കി.  

 

കുറ്റ്യാടിയിലെ മാര്‍ക്കറ്റില്‍ നടന്ന റെയ്ഡില്‍ വ്യത്തിഹീനമായ രീതിയില്‍ ചിക്കന്‍ സ്റ്റാളുകള്‍ പ്രവ്യത്തിക്കുന്നതായി കണ്ടെത്തി.  ആവശ്യമായ ശുചീകരണം നടത്തി മാത്രം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ചു. കുറ്റ്യാടിയിലെ സ്വദേശി ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും രേഖകള്‍ ഇല്ലാത്ത ഒരു ത്രാസ് ലീഗല്‍ മെട്രോളജി വിഭാഗം കണ്ടെത്തി കടയില്‍ നിന്ന് മാറ്റി.  കൂടാതെ മലബാര്‍, തുര്‍ക്കി, ന്യൂ മട്ടണ്‍ സ്റ്റാള്‍ എന്നീ ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും രേഖകള്‍ ഇല്ലാത്ത ത്രാസുകള്‍ കണ്ടെത്തി.   ആളവു തൂക്ക രേഖകള്‍ ഇല്ലാതെ പ്രവ്യത്തിച്ച കടകള്‍ക്ക് പ്രത്യേകമായി പിഴ അടക്കാനായി  ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്താനായി നോട്ടീസ് നല്‍കി.  കൂടാതെ കുറ്റ്യാടി ഫിഷ് മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ അയക്കൂറ വില്‍ക്കുന്ന സ്റ്റാളില്‍ നിന്നും അളവ് തൂക്ക മുദ്രണം ചെയ്യാത്ത പഴകിയ ത്രാസ് കസ്റ്റഡിയില്‍ എടുത്തു.  പുതിയ ത്രാസ് വാങ്ങിച്ച് മാത്രം വില്പന നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചു.  

 

കൂടാതെ വിവിധ ഹോട്ടലുകള്‍, ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി കടകള്‍ എന്നിവടങ്ങളിലും പരിശോധന നടത്തി.  ഭക്ഷ്യ സുരക്ഷ ലൈസന്‍സ്, മുന്‍സിപ്പല്‍ ലൈസന്‍സ്,  വില വിവര പട്ടിക എന്നിവ പ്രദര്‍ശിപ്പിക്കാത്തതിന് 19 ഓളം കടകള്‍ക്ക് വിവിധ വകുപ്പുകള്‍  പ്രകാരം നടപടി സ്വീകരിക്കുന്നതിന് നോട്ടീസ് നല്‍കി. താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി യുടെ നേത്യത്വത്തില്‍ നടന്ന പരിശോധനയില്‍ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് ഭവീഷ് പി.കെ ഫുഡ് സേഫ്റ്റി ഓഫീസര്‍ ഉന്‍മേഷ് പി.ജി, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ വിജീഷ്, സജീഷ് കെ.ടി, നിജിന്‍ ടി.വി, ശ്രീധരന്‍ കെ.കെ എന്നിവരും പങ്കെടുത്തു. 

 

 

 

അപേക്ഷ ക്ഷണിച്ചു

 

 

 

 കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് എന്‍.എ.ബി.എച്ച് കണ്‍സള്‍റ്റുമാരെ നിയോഗിക്കുന്നതിനായി സേവനസന്നദ്ധരായ ക്വാളിറ്റി എഷ്വറന്‍സ് ഓഫീസര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്വാളിറ്റി എഷ്വറന്‍സ് മാനേജ്‌മെന്റില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുളളവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം സെപ്തംബര്‍ 20 നകം നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ എത്തിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.

 

 

 

ഇന്റര്‍വ്യൂ 18 ന്

 

 

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന്  ഇന്റര്‍വ്യൂ നടത്തും. സോണല്‍ എറ്റമോളജിസ്റ്റ്, ഇന്‍സെക്ട് കലക്ടര്‍ എന്നീ തസ്തികകളിലേക്കാണ്  ഇന്റര്‍വ്യൂ. യോഗ്യതയുളളവര്‍ സെപ്തംബര്‍ 18 ന് ഒന്‍പത് മണിക്കകം കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസില്‍ എത്തണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in

date