അദാലത്ത് 1987500 രൂപ ധനസഹായം അനുവദിച്ചു 3906 പരാതികള്‍ പരിഗണിച്ചു
ജില്ലയില്‍ രണ്ടുദിവസമായി നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ 3906 പരാതികള്‍ പരിഗണിച്ചു. 1987500 രൂപയുടെ ധനസഹായം ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു. 2540000 രൂപയുടെ ധനസഹായ ശുപാര്‍ശകള്‍ സര്‍ക്കാരിലേക്ക് കൈമാറി. 2963 പരാതികള്‍ വിവിധ വിഷയങ്ങളിലുള്ളതായിരുന്നു. 943 അപേക്ഷകള്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന് വേണ്ടിയുള്ളതായിരുന്നു. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ ബ്ലോക്കുകളിലുള്ളവര്ക്കാണ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ ചൊവ്വാഴ്ച അദാലത്ത് നടന്നത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, ടി.പി.രാമകൃഷ്ണന്, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അദാലത്തില്‍ പരാതികള്‍ പരിഗണിച്ചത്.
കല്‍പ്പറ്റയില്‍ നടന്ന അദാലത്തില്‍ 2249 പരാതികളാണ് പരിഗണിച്ചത്. 222 പുതിയ അപേക്ഷകള്‍ അദാലത്ത് ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹയാത്തിന് വേണ്ടിയുള്ളതായിരുന്നു. 626 വിവിധ പരാതികളും അദാലത്തില്‍ പുതിയ പരിഗണനയ്ക്കായി വന്നു. 1261000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചൊവ്വാഴ്ച അനുവദിച്ചു.
അദാലത്തില്‍ ഒന്നാം ദിവസം പനമരം സെന്റ് ജൂഡ് പാരിഷ് ഹാളില്‍ 1657 പരാതികള്‍ പരിഗണിച്ചിരുന്നു. ഇവിടെ നിന്നും 726500 രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അപേക്ഷകര്‍ക്ക് അനുവദിച്ചു. 749 പരാതികളായിരുന്നു പുതിയതായി ഇവിടെ നിന്നും ലഭിച്ചത്.
നേരിട്ട് തീര്‍പ്പാക്കാന്‍ കഴിയാത്ത പരാതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലേക്ക് അയച്ചു. ബാക്കിയുള്ളവ അതതു വകുപ്പുകള്‍ക്ക് അടിയന്തരമായി തീരുമാനമെടുക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്കി. ആദിവാസികളടക്കം അയ്യായിരത്തിലധികം ആളുകളാണ് രണ്ടുദിവസങ്ങളിലായി അദാലത്തില്‍ പങ്കെടുക്കാനെത്തിത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു അദാലത്തിന്റെ ക്രമീകരണങ്ങള്‍. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും അദാലത്തില്‍ സന്നിഹിതരായിരുന്നു. അദാലത്തിനോടുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സിന്റെ ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശനവും ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തിയിരുന്നു. അവസാന പരാതിക്കാരെയും കണ്ടാണ് മന്ത്രിമാര്‍ അദലാത്ത് വേദിയില്‍ നിന്നും മടങ്ങിയത്. സര്‍ക്കാരിലേക്ക് അയച്ചു കൊടുത്ത പരാതികളിലെ തീരുമാനം സമയബന്ധിതമായി പരാതിക്കാരെ അറിയിക്കും. വിവിധ വകുപ്പിലേക്ക് തുടര്‍ നടപടികള്‍ വൈകിപ്പിക്കരുതെന്നും അദലാത്തില്‍ മന്ത്രിമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ വഴിയാണ് അദാലത്തിലേക്കുള്ള പരാതികള്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ പൊതുജനങ്ങള്‍ക്ക് മന്ത്രിമാരെ നേരില്‍ കണ്ടും പരാതികളും അപേക്ഷകളും സമര്‍പ്പിക്കാന്‍ അവസരം നല്‍കിയിരുന്നു.
- Log in to post comments