ആദിവാസി വിഭാഗങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യം - മന്ത്രി എ.കെ. ബാലൻ
ആദിവാസി വിഭാഗങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കിയാണ് ജില്ലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചതെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ വിവിധ പദ്ധതികൾ ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷയേകുന്നതാണ് പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
വയനാട് ട്രൈബൽ അപ്പാരൽ പാർക്ക്, പ്രളയ പുനരധിവാസ പദ്ധതിയിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം, ഗോത്ര വാത്സല്യനിധി ഇൻഷുറൻസ് പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം എന്നീ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവ്വഹിച്ചത്. അപ്പാരൽ പാർക്കിൽ പരിശീലനം നേടുന്ന മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 270 പേർക്കാണ് ആദ്യഘട്ടത്തിൽ അപ്പാരൽ പാർക്കിലൂടെ പരിശീലനം നൽകുന്നത്. വസ്ത്ര നിർമ്മാണം, ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലാണ് പരിശീലനം. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കോളനിവാസികൾക്കായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ 56 വീടുകളാണ് നിർമ്മിച്ചത്. ആദ്യഘട്ടത്തിൽ നിർമ്മിച്ച 54 വീടുകളുടെ താക്കോൽദാനം നടത്തിയിരുന്നു. ഇതോടെ പദ്ധതി പ്രകാരം 110 വീടുകളാണ് ജില്ലയിൽ പൂർത്തിയായത്. ആദിവാസി പെൺകുട്ടികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്തുന്നതാണ് ഗോത്ര വാത്സല്യ നിധി പദ്ധതി. പദ്ധതി പ്രകാരം പെൺകുട്ടിയ്ക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ മൂന്ന് ലക്ഷം രൂപ ലഭിക്കും. കുട്ടിയുടെ മാതാപിതാക്കൾ മരിച്ചാൽ നാല് ലക്ഷം രൂപയും, മറ്റ് അപകടങ്ങൾക്ക് ഒരു ലക്ഷം രൂപയും ലഭിക്കും.
ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് മാനേജർ കെ.സി. ചെറിയാൻ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments