Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാകണം

നിയമസഭ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പായി നടത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പി.വി.സി ഫ്ളക്സുകള്‍, ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനരുപയോഗം സാധ്യമല്ലാത്ത എല്ലാ സാമഗ്രികളുടെയും ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇവയ്ക്ക് പകരമായി കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാവൂ. ബാനറുകളും, ബോര്‍ഡുകളും പ്രിന്റ് ചെയ്യുമ്പോള്‍ റീസൈക്ലബിള്‍, പി.വി.സി. ഫ്രീ എന്ന ലോഗോയും, ഉപയോഗം അവസാനിക്കുന്ന തീയതിയും, പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും, പ്രിന്റിംഗ് നമ്പരും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഉപയോഗ ശേഷം പ്രചാരണ സാമഗ്രികള്‍ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശേഖരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേന മുഖാന്തിരം സര്‍ക്കാര്‍ കമ്പനിയായ ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന് കൈമാറണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുമ്പോഴും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോഴും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും, പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ബോധവത്കരണം നല്‍കുന്നതിനും തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.

 

date