Skip to main content

{പളയക്കെടുതി: കേന്ദ്രസംഘം 10ന് ജില്ലയില്‍

 

ജില്ലയിലെ പ്രളയക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ.വി.ധര്‍മറെഡ്ഡിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കേന്ദ്ര സംഘം 10ന് ജില്ലയിലെത്തും. പത്തിന് രാവിലെ ഒമ്പതിന് തിരുവല്ലയില്‍ ജില്ലാ കളക്ടറുമായി സംഘം കൂടിക്കാഴ്ച നടത്തി പ്രളയക്കെടുതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. അതിന് ശേഷം വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്.സി.മീന, തീരദേശ മണ്ണൊലിപ്പ് ഡയറക്ടര്‍ പി.തങ്കമണി എന്നിവരാണ് സംഘത്തിലുള്ളത്. ഏഴംഗങ്ങളുള്ള സംഘമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളത്തിലെ പ്രളയക്കെടുതികള്‍ വിലയിരുത്തുന്നതിന് സംസ്ഥാനത്ത് എത്തുന്നത്. ഇവര്‍ രണ്ട് സംഘങ്ങളായി ആലപ്പുഴ, എറണാകുളം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സന്ദര്‍ശനം നടത്തുന്നത്. ഇന്ന് (ഏഴ്) കൊച്ചിയിലെത്തുന്ന സംഘം 11ന് ഡല്‍ഹിക്ക് മടങ്ങും. 

ജില്ലയില്‍ 13 പേരാണ് കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടത്. 439.18 കോടി രൂപയുടെ നാശനഷ്ടമാണ് കാലവര്‍ഷക്കെടുതിയില്‍ കണക്കാക്കിയിട്ടുള്ളത്. ഏഴായിരത്തോളം വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി കണക്കാക്കിയിട്ടുണ്ട്. വീടുകള്‍ തകര്‍ന്നതിലൂടെ  32.57 കോടി രൂപയുടെ നഷ്ടമുണ്ടായി. കൃഷിനാശം മൂലം 4.95 കോടി രൂപയുടെ നഷ്ടവും കന്നുകാലികളുമായി ബന്ധപ്പെട്ട് 51 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. കെഎസ്ഇബിക്ക് 69 ലക്ഷം രൂപയുടെയും പൊതുമരാമത്ത് വകുപ്പിന് 400 കോടി രൂപയുടെയും മത്സ്യമേഖലയില്‍ 45 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.

അപ്പര്‍ കുട്ടനാടിന്റെ ഭാഗമായുളള തിരുവല്ല താലൂക്കിലെ 12 വില്ലേജുകളിലാണ് പ്രളയക്കെടുതി കൂടുതല്‍ നേരിട്ടത്. 90 ദുരിതാശ്വാസ ക്യാമ്പുകളിലായി 2208 കുടുംബങ്ങളിലെ 8422 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പെരിങ്ങര, നിരണം, കടപ്ര, കാവുംഭാഗം വില്ലേജുകളിലെ എണ്ണായിരത്തിലധികം വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഇവരില്‍ പലരും ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളില്‍ അഭയം തേടുകയായിരുന്നു. തിരുവല്ല താലൂക്കില്‍ 14.7 കി.മീ റോഡുകള്‍ തകര്‍ന്നു. അടൂര്‍ താലൂക്കില്‍ മഴക്കെടുതി കൂടുതലായി സംഭവിച്ചത് പന്തളം, കുരമ്പാല വില്ലേജുകളിലാണ്. 131 കുടുംബങ്ങളില്‍പ്പെട്ട 334 ആളുകളെയാണ് അടൂര്‍ താലൂക്കില്‍ ക്യാമ്പുകളിലേക്ക് മാറ്റിയത്. 

കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍, ആറന്മുള, മല്ലപ്പുഴശേരി, കുളനട എന്നീ വില്ലേജുകളിലെ 10 ക്യാമ്പുകളിലായി 211 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താലൂക്കില്‍ 437 വീടുകള്‍ പൂര്‍ണമായി തകരുകയും 212 ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തു.           മല്ലപ്പള്ളി താലൂക്കില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 51 വീടുകള്‍ ഭാഗികമായും തകര്‍ന്നു.  മല്ലപ്പള്ളി, പുറമറ്റം, കല്ലൂപ്പാറ വില്ലേജുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരുന്നു. റാന്നി, കോന്നി താലൂക്കുകളില്‍ വ്യാപകമായി കൃഷിനാശവും വീടുകള്‍ക്ക് നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. 281 വീടുകള്‍ ഇവിടങ്ങളില്‍ ഭാഗികമായി തകര്‍ന്നിരുന്നു. 

ജില്ലയിലെ 22 വില്ലേജുകളില്‍ പ്രളയക്കെടുതി മൂലം ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ച തിരുവല്ല താലൂക്കിലെ നിരണം, പെരിങ്ങര, കടപ്ര, നെടുമ്പ്രം, കാവുംഭാഗം എന്നീ വില്ലേജുകളിലെ പ്രളയദുരിത ബാധിത മേഖലകളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില പ്രളയക്കെടുതികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കേന്ദ്ര സംഘത്തിന് കൈമാറും. പ്രളയക്കെടുതി അനുഭവിക്കേണ്ടിവന്ന ജനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നതിന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, റോഡുകള്‍ പുനര്‍നിര്‍മിക്കുക, വെള്ളപ്പൊക്ക കെടുതി നേരിടുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങി ദുരിതമകറ്റുന്നതിനു ള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്ത്              പൂര്‍ത്തിയാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.          (പിഎന്‍പി 2251/18)

date