Skip to main content

വല്ലന സാമൂഹികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നു

പന്തളം ബ്ലോക്ക് പഞ്ചായത്തിലെ സാമൂഹികാരോഗ്യകേന്ദ്രമായ വല്ലനയെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നു. ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പ് വരുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് സാമൂഹിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തുന്നത്. രോഗീ സൗഹൃദ ആശുപത്രി എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങളും സേവനവും കൂടതുല്‍ മെച്ചപ്പെടും. പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ മുന്നോടിയായി അനുബന്ധ പ്രവര്‍ത്തികള്‍ക്ക് വീണാജോര്‍ജ്ജ് എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.        സ്റ്റാഫ് നഴ്‌സുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കും. ഒ.പി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയാകും. ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടറുകളുടെ എണ്ണം രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കും. ലാബ് സേവനങ്ങള്‍ ഉച്ചയ്ക്ക് ശേഷവും ലഭ്യമാകും.  പുതിയ ഒ.പി ബ്ലോക്ക് നിര്‍മാണവും പുരോഗമിക്കുകയാണ്. ഇതിനുപുറമേ വീടുകളില്‍ കഴിയുന്ന കിടപ്പ് രോഗികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനുള്ള സെക്കന്‍ഡറി പാലിയേറ്റീവ് യൂണിറ്റ് കൂടി പ്രവര്‍ത്തനസജ്ജമാകും. ഇതിനായി നഴ്‌സിനേയും ഫിസിയോ തെറാപ്പിസ്റ്റിനേയും നിയമിച്ചു. വാഹനലഭ്യത കൂടി ഉറപ്പായിക്കഴിഞ്ഞാല്‍ യൂണിറ്റ് ഉടന്‍ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.                (പിഎന്‍പി 2285/18)

date