ഹരിതകര്‍മ്മസേന ആരോഗ്യ പരിരക്ഷ പദ്ധതി: ഹരിതം ആരോഗ്യം ജില്ലയില്‍ തുടങ്ങി
നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും ആര്‍ദ്രം മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ഹരിതം ആരോഗ്യം പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോട്ടത്തറ ആനേരി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് അധ്യക്ഷത വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍ മുഖ്യാതിഥിയായി.
ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തില്‍ കോട്ടത്തറ, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ക്ക് മെഡിക്കല്‍ പരിശോധനാ ക്യാമ്പ് നടത്തി. 43 പേരുടെ സ്‌ക്രീനിങ്ങ് നടന്നു. ജീവിത ശൈലീ രോഗങ്ങളായ ബി.എം.എച്ച്, ബി.പി, പ്രമേഹം എന്നിവയും വിവ ക്യാമ്പയിനിന്റെ ഭാഗമായി ഹിമോഗ്ലോബിന്‍ അളവും പരിശോധിച്ചു. ജീവിത ശൈലീ രോഗം കണ്ടെത്തിയവരെ കോട്ടത്തറ, വരദൂര്‍ പി.എച്ച് സികളിലേക്ക് റഫര്‍ ചെയ്തു.
ചടങ്ങില്‍ നവകേരളം കര്‍മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. ദിനീഷ് , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സമീഹ സൈതലവി, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മയില്‍, ഡോ.നന്ദു മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments