ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സ്‌കൂളുകളും സന്നദ്ധ സംഘടനകളും
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സ്‌കൂളുകളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സഹായങ്ങള്‍ പ്രവഹിക്കുന്നു. പത്തനംതിട്ട അല്‍-അമന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് സമാഹരിച്ച തുണിത്തരങ്ങള്‍, ഭക്ഷ്യസാധനങ്ങള്‍, ടോയ്‌ലെറ്റ് ഐറ്റംസ്, മെഴുകുതിരികള്‍, നാപ്കീനുകള്‍, നോട്ട്ബുക്കുകള്‍, പെന്‍സിലുകള്‍, പേനകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ഥികള്‍ നേരിട്ടെത്തി കൈമാറി. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്. ഇനിയും ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ തയ്യാറാണെന്ന് കളക്ടര്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പ് നല്‍കി.
പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ദി നെസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെന്നഡി ചാക്കോ പതിനഞ്ച് മെത്തകളും പതിനഞ്ച് ബെഡ്ഷീറ്റുകളും കളക്ടറേറ്റില്‍ എഡിഎം പി.റ്റി.എബ്രഹാമിന് കൈമാറി. ദുരിതബാധിതരെ സഹായിക്കുന്നതിനായി എത്തിച്ചിട്ടുള്ള സാധനങ്ങള്‍ വിവിധ ക്യാമ്പുകളിലേക്ക് ആവശ്യാനുസരണം എത്തിച്ച് തുടങ്ങി. (പിഎന്‍പി 2249/18)
- Log in to post comments