മഹാപ്രളയത്തിന്റെ തിരുശേഷിപ്പ് കണ്ടെത്തി
ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന തിരുശേഷിപ്പ് കോന്നിയില്‍ കണ്ടെത്തി. 1924 ല്‍ ഉണ്ടായ മഹാപ്രളയത്തിന്റെ കണക്ക് രേഖപ്പെടുത്തിയ ശിലാഫലകമാണ് കോന്നിപഞ്ചായത്ത് കടവ് ഗവ.എല്‍.പി സ്കൂളിന് പിന്നില്‍ കണ്ടെത്തിയത്. പ്രളയം ജില്ലയാകെ വിഴുങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചതും മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയത്തെക്കുറിച്ചായിരുന്നു. 1924 ലിന് ശേഷം അത്തരമൊരു വെള്ളപ്പൊക്കം പിന്നീടുണ്ടായിട്ടില്ലെന്ന് പോലും അഭിപ്രായങ്ങളുണ്ടായി. ഇത് ശരി വയ്ക്കും വിധമാണ് ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അന്ന് കയറിയ വെള്ളത്തിന്റെ അളവും കൊല്ലവര്‍ഷവും ഇംഗ്ളീഷ് വര്‍ഷവും ഈ ഫലകത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജഭരണകാലത്ത് സ്ഥാപിച്ച ഈ ശിലാഫലകത്തിന് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലയെന്നതാണ് ഏറ്റവും വലിയ ശ്രദ്ധേയമായ കാര്യമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ പറഞ്ഞു.
റോഡ് വികസനവും വീതികൂട്ടലുമൊക്കെ വന്നതോടെ ഈ ചരിത്രഫലകം അപ്രത്യക്ഷമാവുകയായിരുന്നു. ഇതേപറ്റി നാട്ടുകാരും മറന്ന് തുടങ്ങി. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ മഹാപ്രളയങ്ങളുടെ അളവും വ്യാപ്തിയും നാട്ടില്‍ ചര്‍ച്ചയായപ്പോഴാണ് ജനങ്ങള്‍ വീണ്ടും ഫലകത്തെ അന്വേഷിച്ചു തുടങ്ങിയത്. ഏറെ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഫലകത്തിനായി തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യാതൊരു കേടുപാടുകളും സംഭവിക്കാതെ ഫലകം വീണ്ടെടുക്കാനായത്. ചരിത്രവസ്തു തിരിച്ച് കിട്ടിയതറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇത് കാണാനായി ഇവിടേക്ക് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. സ്കൂളിന് സമീപത്ത് പെട്ടിക്കട നടത്തുന്ന ജയപ്രകാശാണ് ഇത്തരത്തിലൊരു ചരിത്രഫലകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ജയപ്രകാശിന്റെ പിതാവ് ഇവരുടെ കടയിലും അന്നത്തെ വെള്ളപ്പൊക്കത്തിന്റെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്നും മായാതെ നിലനില്‍ക്കുന്നുണ്ട്.
ഏറെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ശിലാഫലകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചരിത്രസ്മാരകമായി സംരക്ഷിക്കാനാണ് തീരുമാനം. നേരത്തെ ഉണ്ടായിരുന്ന അതേ സ്ഥലത്തുതന്നെ ആയിരിക്കും ഇത് സ്ഥാപിക്കുന്നത്. അര്‍ഹിക്കുന്ന എല്ലാ പരിഗണനയും സംരക്ഷണവും ഇതിന് നല്‍കുമെന്നും രാജഭരണകാലത്തിന്റെ തിരുശേഷിപ്പുകൂടിയാണ് ഈ ഫലകമെന്നും പ്രവീണ്‍ പ്ലാവിളയില്‍ പറഞ്ഞു. (പിഎന്‍പി 2802/18)
- Log in to post comments