Skip to main content

*തൊഴിലിടങ്ങളിലെ മാനസികസമ്മര്‍ദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കും:* *കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍*

 

 

തൊഴിലിടങ്ങളില്‍ യുവജനത നേരിടുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതയും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല അദാലത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. യുവജനതയുടെ പ്രധാന വിഷയങ്ങള്‍ പഠിക്കുക, തൊഴില്‍ മേഖലയില്‍ നേരിടുന്ന സമര്‍ദ്ദം ലഘൂകരിക്കുകയാണ് പഠന ലക്ഷ്യം. ഐ.ടി, ടെക്സ്റ്റയില്‍സ് തുടങ്ങി വിവിധങ്ങളായ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക.  അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ എം.എസ്.ഡബ്ല്യൂ, സൈക്കോളജി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി വിവരങ്ങള്‍ ക്രോഡീകരിക്കും. 2025 മാര്‍ച്ച്- ഏപ്രിലോടെ പഠനം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട്  സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. കമ്മീഷന്റെ നേതൃത്വത്തില്‍ യുവജനതയുടെ മാനസിക- ആരോഗ്യ മേഖല സംബന്ധിച്ച് നടത്തിയ ഒന്നാംഘട്ട പഠന റിപ്പോര്‍ട്ട്  സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.  സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനകം നടന്ന 895 ആത്മഹത്യാകേസുകളാണ് പഠനത്തിന് വിധേയമാക്കിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ഇരുന്നൂറോളം എം.എസ്.ഡബ്ല്യൂ. വിദ്യാര്‍ഥികളാണ് പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്. വിദേശ രാജ്യങ്ങളില്‍ ജോലിക്കും പഠന സംബന്ധമായി പോകുന്നവര്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നിയമ വശങ്ങളറിയാതെ പണം നല്‍കി വഞ്ചിതരാവുന്ന പരാതികള്‍ കൂടിവരുകയാണ്.  വിദേശത്ത് പോകുന്നവരും രക്ഷിതാക്കളും സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ ജാഗ്രതപാലിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. യുവജനങ്ങളുടെ അവകാശ നിക്ഷേധം, വിദ്യാഭ്യാസം, വിദ്യാഭ്യാസ-ബാങ്ക് വായ്പ, പോലീസ്,തൊഴില്‍ സ്ഥാപങ്ങള്‍ക്കെതിരെ, പി.എസ്.സി റാങ്ക് ജേതാക്കളുടെ പരാതികള്‍ ഉള്‍പ്പെടെ 19 പരാതികള്‍ ജില്ലാതല അദാലത്തില്‍ പരിഗണിച്ചു. എട്ട് പരാതികള്‍ തീര്‍പ്പാക്കി. 11 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്റെ അധ്യ7തയില്‍ ചേര്‍ന്ന് യോഗത്തില്‍  കമ്മീഷന്‍ അംഗങ്ങളായ കെ.റഫീഖ്, പി.സി. ഷൈജു, പി. അനിഷ, പി.പി. രണ്‍ദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ ജോസഫ് സ്‌കറിയ, അസിസ്റ്റന്റ് പി. അഭിഷേക്  എന്നിവര്‍ പങ്കെടുത്തു.

date