വാര്‍ഡ് വിഭജനം- ജില്ലയില്‍ 546 പരാതികള്‍
ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകള്‍, നാല് മുനിസിപ്പാലിറ്റികള്‍ എന്നിവ ഉള്‍പ്പെടെയുള്ള 57 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ 18 ന് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ച കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടിന്മേല്‍ 546 പരാതികള്‍ ലഭിച്ചു. മുനിസിപ്പാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ പത്തനംതിട്ടയിലും (41) കുറവ് പന്തളത്തും (6) ഗ്രാമ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ വള്ളിക്കോടും (34) ആണ്. റാന്നി, പെരിങ്ങര, റാന്നി-പെരുനാട് എന്നീ പഞ്ചായത്തുകളില്‍ പരാതികളൊന്നും ലഭിച്ചില്ല. പരാതികളിന്മേല്‍ അന്വേഷണം നടത്തുന്നതിന് എട്ട് ബ്ലോക്കുകളിലും നാല് മുനിസിപ്പാലിറ്റികളിലും പരിശോധനാ ഉദ്യോഗസ്ഥരെ നിയമിച്ച് പരീശീലന നടപടികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. ലഭിച്ച പരാതികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ് പങ്കെടുത്തു.
- Log in to post comments