Skip to main content
എന്റെ കേരളം' പരിപാടിയുടെ ഭാഗമായി നടന്ന  വയനാട് ജില്ലാതല യോഗത്തിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ

മാതൃക ടൗൺഷിപ്പ് യാഥാർഥ്യമാക്കാൻ ഒരു തടസ്സവും ഇനിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ -'സർക്കാർ പറഞ്ഞ വാക്ക് യാഥാർഥ്യമാകാൻ പോകുന്നു'

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ നിർമിക്കുന്ന മാതൃക ടൗൺഷിപ്പ് പദ്ധതി യാഥാർഥ്യമാകാൻ ഇനി ഒരു തടസ്സവും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

"നേരത്തെ ചില ആശങ്കകൾ ഇതുസംബന്ധിച്ചു ഉയർന്നിരുന്നു. ഹൈക്കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചെങ്കിലും പരമോന്നത കോടതിയെ സമീപിച്ചതിനാൽ ചിലരിലെങ്കിലും ആശങ്ക അവശേഷിച്ചിരുന്നു. എന്നാൽ ഇന്നലെയോടെ അതും മാറി. സർക്കാർ നേരത്തെ നൽകിയ വാക്ക് യഥാർഥ്യമാകാൻ പോവുകയാണ്. ടൗൺഷിപ്പ് പടിപടിയായി നിശ്ചിത സമയത്ത് തന്നെ പൂർത്തിയാകാൻ പോകുകയാണ്," സംസ്ഥാന സർക്കാരിന്റെ 4ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പരിപാടിയുടെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ വയനാട് ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തങ്ങൾ അതുവരേക്കും ജീവിച്ചപോന്ന വിധത്തിൽ അയൽക്കാരും ബന്ധുക്കളും ഒന്നുചേർന്നുള്ള സാമൂഹ്യജീവിതം പുന:സ്ഥാപിച്ചു തരണം എന്നായിരുന്നു ദുരന്തബാധിതർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെടുന്നത്.  

സാധാരണ ഗതിയിൽ ഒരു സർക്കാരും നേരിടേണ്ടി വരാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപ, ഓഖി, മഹാപ്രളയം, കോവിഡ്, മുണ്ടക്കൈ-ചൂരൽമല ദുരന്തം എന്നിവയുണ്ടായി. ഇത്തരം ഘട്ടങ്ങളിൽ ഒരു സംസ്ഥാനത്തിനെ സഹായിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ കേന്ദ്രം അർഹതപ്പെട്ട സഹായം നൽകിയില്ല എന്ന് മാത്രമല്ല, സഹായിക്കാൻ മുന്നോട്ടുവന്നവരെ വിലക്കുകയും ചെയ്തു.  ഇതുകൊണ്ടൊന്നും നമ്മൾ തകർന്നില്ല. നമുക്ക് അതിജീവിച്ചേ മതിയാകുമായിരുന്നുള്ളൂ. നമ്മുടെ ജനങ്ങൾ ഒരുമയും ഐക്യവും പ്രകടിപ്പിച്ചു ഒന്നിച്ചു നിന്നു. ഇത്‌ കണ്ടു രാജ്യവും ലോകവും ആശ്ചര്യപ്പെട്ടു. ഇത് സാധ്യമായതിന് പിന്നിൽ ഒറ്റ കാരണമേ ഉള്ളൂ; നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവും," മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"പിഡിഎൻഎ (പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്മെന്റ്) കണക്കിന് കാത്തു നിൽക്കുകയാണ് കേന്ദ്രം എന്ന് പറഞ്ഞു. പക്ഷെ,  പിഡിഎൻഎ കാക്കാതെ തന്നെ ത്രിപുരയ്ക്ക് കേന്ദ്രസഹായം ലഭിച്ചു. ദുരന്തം മുൻകൂട്ടി കണ്ടു ബിഹാറിനും സഹായം നൽകി. പക്ഷെ, അർഹതപ്പെട്ടത് കേരളത്തിന്‌ മാത്രം നൽകിയില്ല. എന്തുകൊണ്ടാണിത്,? " മുഖ്യമന്ത്രി ചോദിച്ചു.

ദുരന്തത്തെ തുടർന്നുള്ള വലിയ രക്ഷാപ്രവർത്തനത്തിൽ നാട്ടുകാർ പ്രധാന പങ്ക് വഹിച്ചതായി മുഖ്യമന്ത്രി എടുത്തുപറഞ്ഞു. നാടിന്റെ യുവത ദുരന്തമുഖത്ത് ഓടിയെത്തി അപാരമായ രക്ഷാവൈദഗ്ദ്യം കാട്ടി. എല്ലാ സേനാ വിഭാഗങ്ങളുടെയും സഹായത്തോടെ 630 പേരെ മണ്ണിൽ നിന്നും ജീവനോടെ വീണ്ടെടുക്കാൻ കഴിഞ്ഞു. ഒറ്റപ്പെട്ടുപോയ 1300 പേരെ കണ്ടെത്താനും സാധിച്ചു.

മേപ്പാടി പരൂർക്കുന്നിൽ ഭൂ രഹിതരായ 123 പട്ടികവർഗ കുടുംബങ്ങൾക്ക് പട്ടികവർഗ വികസന വകുപ്പും മണ്ണ് സംരക്ഷണ വകുപ്പും നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി നിർവഹിച്ചു. മുട്ടിൽ തെക്കുംപാടിയിലെ സരിത മണി, വാഴവറ്റയിലെ നാരായണി, മുണ്ടുപാറയിലെ ഷിജിത, കൊറലാടിയിലെ സജിത, തെക്കുംപാടിയിലെ സ്മിത രവി എന്നിവർ താക്കോൽ ഏറ്റുവാങ്ങി.

കല്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷത വഹിച്ചു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, കായിക മന്ത്രി വി അബ്ദുറഹ്മാൻ, സുൽത്താൻ ബത്തേരി നഗരസഭ അധ്യക്ഷൻ ടി കെ രമേശ്‌,  സുൽത്താൻ ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക്, സംസ്ഥാന ആ സൂത്രണ ബോർഡ് അംഗം പ്രൊഫ. ആർ രാമകുമാർ എന്നിവർ സംബന്ധിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ സ്വാഗതവും എഡിഎം കെ ദേവകി നന്ദിയും പറഞ്ഞു.

 

ടെക്നോളജി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവിധ സംഗമങ്ങൾ മലബാറിൽ സംഘടിപ്പിക്കുന്ന കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ ജില്ലാതല യോഗത്തിൽ ക്ഷണിതാക്കളുമായുള്ള സംവാദത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്‌ വ്യക്തമാക്കിയത്.

ഫ്ലോട്ടിങ് സോളാർ രംഗത്തെ സംരംഭകൻ അജയ് തോമസാണ് ഇത്‌ സംബന്ധിച്ച നിർദേശം വെച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും ഇത്തരം നിരവധി ടെക്-നിക്ഷേപ സംഗമങ്ങളും പരിശീലനങ്ങളും ശിൽപ്പശാലകളും നടക്കുമ്പോൾ മലബാറിൽ അത്തരം പരിപാടികൾ ഇല്ല. ഇത്‌ ഗ്രാമീണമേഖലയിലെ സംരംഭകർക്ക് വെല്ലുവിളിയാണ്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് രംഗത്ത് വലിയ ഒരു നിശബ്ദ വിപ്ലവമാണ് നടക്കുന്നതെന്നും അത് വേണ്ട വിധത്തിൽ ഇതു സംബന്ധിച്ച സൂചികകളിൽ പ്രതിഫലിച്ചിട്ടില്ലെന്നും അജയ് തോമസ് പറഞ്ഞു.

പാലിയേറ്റീവ് രംഗത്തെ എല്ലാ സ്ഥാപനങ്ങളെയും സംഘടനകളെയും കൂട്ടിയോജിപ്പിച്ച് അതാത് തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്തുള്ള സമഗ്ര പദ്ധതി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പാലിയേറ്റീവ് ചികിത്സ ആവശ്യമുള്ള എല്ലാവർക്കും ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം. ഗഫൂർ താനേരിയുടെ ചോദ്യത്തിന് മറുപടിയാണ് മുഖ്യമന്ത്രി ഇത്‌ വ്യക്തമാക്കിയത്.  

ജനകീയ സർക്കാർ ഇടയ്ക്കിടെ ജനങ്ങളുടെ അഭിപ്രായം കേൾക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം പോലുള്ള പരിപാടികൾ അഭിനന്ദാർഹമാണെന്ന് ബിഷപ്പ് ഗീവർഗീസ് മാർ സ്തെഫാനോസ് പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യത്തിൽ നിന്ന് ശാശ്വത പരിഹാരം നൽകുന്ന പദ്ധതി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുക്കളയിൽ നിന്ന് തന്നെ ഒരു സംരംഭകയാക്കി മാറ്റിയത് സംരംഭക മേഖലയിലെ സർക്കാർ നടപടികൾ ആണെന്ന് ഷംന കടവൻ അഭിപ്രായപ്പെട്ടു. ഇന്ന് 300 പേർക്ക് തൊഴിൽ നൽകുന്ന തന്റെ ഉൽപ്പന്നം കേരളത്തിന്റെ എല്ലാ ജില്ലകളിലും എത്തുന്നു. ഇതിന് ജില്ലാ വ്യവസായ കേന്ദ്രം നൽകിയ പിന്തുണയും അവർ എടുത്തുപറഞ്ഞു.

ലക്കിടി വ്യൂ പോയിന്റിൽ വോക്ക് വേ നിർമിച്ചു സർക്കാരിന് വരുമാനം ലഭിക്കുന്ന രീതിയിലുള്ള വിനോദസഞ്ചാര സ്പോട്ട് ആക്കി മാറ്റാമെന്ന് സണ്ണി ചെറിയതോട്ടം നിർദേശിച്ചു.

പ്രകൃതി ദുരന്തങ്ങൾ ലഘൂകരിക്കാൻ പ്രിസൈസ് വെതർ മോണിറ്ററിംഗ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള കെ ആർ വാഞ്ചീശ്വരൻ
ആവശ്യപ്പെട്ടു. ഇത്തരം സ്റ്റേഷനുകൾ യാഥാർഥ്യമായാൽ ദുരന്തം മുൻകൂട്ടി അറിഞ്ഞു ആ പ്രത്യേക മേഖല മാത്രം അടച്ചിടുന്നതോടെ ബാക്കിയുള്ള സ്ഥലത്തെ വിനോദസഞ്ചാര മേഖല രക്ഷിക്കാൻ സാധിക്കും.

വെറുതെ കാട് മൂടി കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളും തോട്ടങ്ങളും സർക്കാർ ഇടപ്പെട്ട് കർഷകർക്ക് പാട്ടത്തിന് നൽകണമെന്ന് കർഷകനായ ഐ സി ജോർജും തോട്ടം മേഖലയിൽ നിന്നുള്ള യു കരുണനും ഉന്നയിച്ചു. ഇക്കാര്യം സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും തോട്ടത്തിലെ നിശ്ചിത ഭാഗത്ത്‌ പഴ വർഗ്ഗം കൃഷി ചെയ്യാനുള്ള ആശയത്തിന് പൊതുവേ നല്ല സ്വീകാര്യതയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തോട്ടം തൊഴിലാളികളുടെ ലായം അറ്റകുറ്റ പണി നടത്തുന്നതിൽ തോട്ടം ഉടമകൾ സ്വാഗതാർഹമായ നിലപാടാണ് സ്വീകരിച്ചത്.

മാതൃക ടൗൺഷിപ്പിൽ 100 വീടുകൾക്കുള്ള പണം കൈമാറുകയും വാഗ്ദാനം ചെയ്യുകയും ചെയ്ത കർണാടക സർക്കാർ, മുൻ എംപി രാഹുൽ ഗാന്ധി, ഡിവൈഎഫ്ഐ എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പിണറായി വിജയൻ പരമർശിച്ചു.

ഇന്ത്യൻ ക്രിക്കറ്റ്‌ താരം സജ്ന സജീവൻ, നടൻ അബുസലിം, സജ്ന ഷാജി (കുടുംബശ്രീ സിഡിഎസ് ചെയർപേഴ് സൺ), ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവിച്ച 16-കാരൻ മുഹമ്മദ്‌ ഹാനി, സീനത്ത് (ദുരന്തനിവാരണം), എസ് ഷറഫുദ്ധീൻ (മുസ്ലിം ജമാഅത്ത്), ഹാരിസ് ബാഖവി (സമസ്ത), രുഗ്മിണി സുബ്രഹ്മണ്യൻ (ഗോത്രമേഖല), ഫാദർ വർഗീസ് മറ്റമല, ജഗദീഷ് വില്ലോടി (ഐടി) എന്നിവരും സംവദിച്ചു.

date