Skip to main content
ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പ്രളയപ്രതിരോധ മോക്ഡ്രില്‍

പ്രളയ പ്രതിരോധ പ്രവര്‍ത്തനം : തുമ്പമണ്ണില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചു

ദുരന്തസമാന സാഹചര്യങ്ങളെ നേരിടാന്‍ മോക്ഡ്രില്‍ സംഘടിപ്പിച്ച് ജില്ലാ ഭരണകൂടം. റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി സംസ്ഥാന- ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കിലയും സംയുക്തമായി തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് പാലത്തിനു സമീപമാണ് പ്രളയപ്രതിരോധ മോക്ഡ്രില്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയാറെടുപ്പും കാര്യശേഷിയും വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രളയം സംഭവിക്കാന്‍ സാധ്യതയുള്ള അച്ചന്‍കോവില്‍ നദീതീരത്തെ വൃഷ്ടി പ്രദേശത്തെ 100 മീറ്റര്‍ ചുറ്റളവിലെ താഴ്ന്ന ഭാഗങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ച് ക്യാമ്പില്‍ എത്തിക്കുന്നതാണ്  മോക്ക് ഡ്രില്ലിലൂടെ ആവിഷ്‌കരിച്ചത്.

ഫയര്‍ ഫോഴ്സും പൊലിസും ദുരന്ത ബാധിത പ്രദേശത്ത്  കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതും  ആരോഗ്യവകുപ്പ് ട്രയാജ് സെന്റര്‍ ആരംഭിക്കുന്നതും അവതരിപ്പിച്ചു. തുമ്പമണ്‍ യു പി സ്‌കൂളാണ് ട്രയാജ് സെന്ററായി ഒരുക്കിയത്.

അടൂര്‍, പന്തളം, പത്തനംതിട്ട നഗരസഭകള്‍, തുമ്പമണ്‍,  പന്തളം തെക്കേക്കര, കുളനട, കോന്നി, വള്ളിക്കോട്, പ്രമാടം, കലഞ്ഞൂര്‍, ഏനാദിമംഗലം, കൊടുമണ്‍, ഏഴംകുളം, കടമ്പനാട്, പള്ളിക്കല്‍, ഓമല്ലൂര്‍, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തുകളും  മോക്ഡ്രില്ലില്‍ സഹകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോണി സക്കറിയ, സുശീല കുഞ്ഞമ്മ കുറുപ്പ്,  വി എസ് ആശ, ജോണ്‍സണ്‍ വിളവിനാല്‍, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, അടൂര്‍ തഹസില്‍ദാര്‍ ബി ബീന, അടൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാര്‍, പന്തളം പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി.ഡി രാജേഷ്,  ജി എച്ച് അടൂര്‍ ഡോ. വിനായക്, തുമ്പമണ്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഡോ നിഖില്‍ ടോം ജോസഫ്,  കില ഡികാറ്റ്  കണ്‍സള്‍ട്ടന്റ്  ഡോ. നിര്‍മല, ഡി എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍, കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ നീരജ്, ഡിഡിഎംഎ ജെ എസ് അജിത് ശ്രീനിവാസന്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date